സൗദിയിൽ ഒരാഴ്ചയ്ക്കിടെ പിടിയിലായത് 14,000ത്തിലേറെ നിയമലംഘകർ

റിയാദ്: സൗദിയിൽ ഒരാഴ്ചയ്ക്കിടെ പിടിയിലായത് 14,000ത്തിലേറെ നിയമലംഘകർ. ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യമറിയിച്ചത്. നവംബര്‍ 24 മുതല്‍ 30 വരെയുള്ള ദിവസങ്ങളിൽ 8,148 ഇഖാമ നിയമ ലംഘകരും 3,859 നുഴഞ്ഞുകയറ്റക്കാരും 2,126 തൊഴിൽ നിയമ ലംഘകരും അടക്കം ആകെ 14,133 നിയമ ലംഘകരാണ് പിടിയിലായത്.

ഇക്കാലയളവിൽ അതിർത്തികൾ വഴി രാജ്യത്ത് നുഴഞ്ഞു കയറാൻ ശ്രമിച്ച 377 പേരും അറസ്റ്റിലായി. ഇക്കൂട്ടത്തിൽ 51 ശതമാനം പേർ യെമനികളും 37 ശതമാനം പേർ എത്യോപ്യക്കാരും 12 ശതമാനം പേർ മറ്റു രാജ്യക്കാരുമാണ്. അതിർത്തികൾ വഴി അനധികൃത രീതിയിൽ രാജ്യം വിടാൻ ശ്രമിച്ച 40 പേരും ഒരാഴ്ചക്കിടെ സുരക്ഷാ വകുപ്പുകളുടെ പിടിയിലായി. ഇഖാമ, തൊഴിൽ നിയമ ലംഘകർക്കും നുഴഞ്ഞു കയറ്റക്കാർക്കും ജോലിയും താമസവും യാത്രാ സൗകര്യവും നൽകിയ ഒമ്പത് പേരെയും സുരക്ഷാ വകുപ്പുകൾ അറസ്റ്റ് ചെയ്തു.

അതിര്‍ത്തി സുരക്ഷാ ചട്ടങ്ങള്‍ ലംഘിച്ച് ആര്‍ക്കെങ്കിലും രാജ്യത്തേക്ക് പ്രവേശിക്കാന്‍ സൗകര്യം ചെയ്തുകൊടുക്കുകയോ അല്ലെങ്കില്‍ അദ്ദേഹത്തിന് ഗതാഗതമോ പാര്‍പ്പിടമോ എന്തെങ്കിലും സഹായമോ സേവനമോ നല്‍കുകയോ ചെയ്താല്‍ പരമാവധി 15 വര്‍ഷം വരെ തടവ് ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.