സൗദിയിലേക്ക് വരാൻ ഇനി പേർസണൽ വിസിറ്റ് വിസ

റിയാദ്: സൗദിയിലേക്ക് വരാൻ ഇനി പേർസണൽ വിസിറ്റ് വിസയും. സൗദി പൗരന്മാരുടെ സുഹൃത്തുക്കള്‍ക്കും പരിചയക്കാര്‍ക്കും സൗദി സന്ദര്‍ശിക്കാന്‍ അവസരമൊരുക്കുകയാണ് ഇതുവഴി. നിലവിൽ ടൂറിസം, ബിസിനസ് വിസകൾ മാത്രമാണ് സന്ദർശനത്തിനുണ്ടായിരുന്നത്. എന്നാൽ സന്ദർശനം എന്ന ആവശ്യം പറഞ്ഞ് തന്നെ വിസ നേടാനുള്ള അനുമതി ഇനി മുതൽ ലഭിക്കും.

പേഴ്സണല്‍ വിസിറ്റ് വിസകളില്‍ സൗദിയില്‍ എത്തുന്നവര്‍ക്ക് രാജ്യത്തെങ്ങും സ്വതന്ത്രമായി സഞ്ചരിക്കാനും ഉംറ നിര്‍വഹിക്കാനും മദീന സിയാറത്ത് നടത്താനും ചരിത്ര, മത കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാനും സാംസ്‌കാരിക പരിപാടികളില്‍ പങ്കെടുക്കാനും സാധിക്കും. വിദേശ മന്ത്രാലയത്തിന്റെ വിസാ പ്ലാറ്റ്ഫോം വഴിയാണ് പേഴ്സണല്‍ വിസിറ്റ് വിസക്ക് സൗദി പൗരന്മാര്‍ അപേക്ഷ നല്‍കേണ്ടത്. സൗദിയിലേക്ക് ക്ഷണിക്കുന്നവരുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കിയും സത്യവാങ്മൂലം അംഗീകരിച്ചും അപേക്ഷാ നടപടികള്‍ പൂര്‍ത്തിയാക്കുന്നവര്‍ക്ക് വിസകള്‍ അനുവദിക്കും.

വിസ പ്ലാറ്റ്‌ഫോമിൽ പ്രവേശിച്ച് ‘എൻക്വയറി’ ഐക്കൺ തെരഞ്ഞെടുത്താൽ സമർപ്പിച്ച അപേക്ഷകളെക്കുറിച്ച് കൂടുതലറിയാൻ സാധിക്കും.