Thursday, December 2, 2021
HomeGulfഉംറ തീർഥാടകരുടെ എണ്ണം വർധിപ്പിക്കാൻ ഒരുങ്ങി സൗദി

ഉംറ തീർഥാടകരുടെ എണ്ണം വർധിപ്പിക്കാൻ ഒരുങ്ങി സൗദി

റിയാദ്: രാജ്യത്ത് കൂടുതൽ ഇളവുകൾ നൽകുന്നതിന്റെ ഭാഗമായി ഉംറ തീർഥാടകരുടെ എണ്ണം വർധിപ്പിക്കാൻ ഒരുങ്ങി സൗദി. തീർത്ഥാടകരുടെ എണ്ണം 90,000 ആക്കാനും തുടർന്ന് 1,20,000 ആക്കി വർധിപ്പിക്കാനുമാണ് തീരുമാനമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു. കൊവിഡ് വ്യാപനം നിയന്ത്രണാതീതമാവുകയും വാക്സിനേഷൻ ശക്തമായി പുരോഗമിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ഈ വർഷം കൂടുതൽ ഉംറ തീർഥാടകരെ സ്വീകരിക്കാനുള്ള തീരുമാനത്തിലേക്ക് സൗദി നീങ്ങുന്നത്.

ഹജ്ജ് തീർഥാടനത്തിന് ശേഷം ആഗസ്റ്റ് ഒൻപത് മുതലാണ് വിദേശത്തു നിന്നുള്ള ഉംറ തീർഥാടകർക്ക് അനുമതി നൽകിത്തുടങ്ങിയത്. വർഷത്തിൽ എല്ലാ സമയത്തും നിർവഹിക്കാവുന്ന കർമമാണ് ഉംറ തീർഥാടനം. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഏഴ് മാസത്തിലേറെ പൂർണമായും നിർത്തിവച്ച ഉംറ തീർഥാടനം കഴിഞ്ഞ ഒക്ടോബറിലാണ് നിയന്ത്രിത തോതിൽ പുനരാരംഭിച്ചത്. ഒക്ടോബർ നാലിന് 6,000 തീർഥാടകർക്കു മാത്രമായിരുന്നു ഒരു ദിവസം ഉംറ ചെയ്യാൻ അനുമതി നൽകിയിരുന്നത്. പിന്നീട് ഘട്ടം ഘട്ടമായി തീർഥാടകരുടെ എണ്ണം വർധിപ്പിക്കുകയായിരുന്നു. നിലവിൽ ഉംറയ്ക്കെത്തുന്നവർക്ക് മക്കയിലും ഗ്രാന്റ് മസ്ജിദിനകത്ത് പ്രാർഥിക്കാനും മദീനയിലെ മസ്ജിദുന്നബവിയും റൗദാ ശരീഫും സന്ദർശിക്കുവാനും അവസരം ലഭിക്കുമെന്നും അബ്ദുൽ അസീസ് അറിയിച്ചു.

Most Popular