അര്ജന്റീനയ്‌ക്കെതിരായ ജയം; സൗദി താരങ്ങളെ കാത്തിരിക്കുന്നത് റോള്‍സ് റോയ്സ് ഫാന്റം

റിയാദ് : അര്ജന്റീനയ്‌ക്കെതിരായ സൗദിയുടെ അട്ടിമറി ജയത്തിന് പിന്നാലെ താരങ്ങളെ കാത്തിരിക്കുന്നത് അത്യാഡംബര വാഹനമായ റോള്‍സ് റോയ്സ് ഫാന്‍റമെന്ന് റിപ്പോര്‍ട്ട്.

സൗദി രാജകുമാരനായ മൊഹമ്മദ് ബിന്‍ സല്‍മാന്‍ അല്‍ സൗദ് ആകും സമ്മാനം നല്‍കുകയെന്നാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

മത്സരം കാണാന്‍ ഓഫീസുകള്‍ക്ക് ഭാഗിക അവധി നല്‍കിയ സൗദി അറേബ്യ മത്സര വിജയത്തിന് പിന്നാലെ ദേശീയ അവധി അടക്കം നല്‍കിയാണ് ദേശീയ ടീമിന്‍റെ വിജയം ആഘോഷിച്ചത്. സ്വകാര്യ പൊതു മേഖല സ്ഥാപനങ്ങൾക്കും സ്കൂളുകൾക്കും അടക്കമായിരുന്നു അവധി പ്രഖ്യാപിച്ചത്.

ലോകകപ്പ് ഫുട്ബോളില്‍ ആദ്യ പകുതിയില്‍ ഒരു ഗോളിന് മുന്നിലെത്തിയ അര്‍ജന്‍റീനയെ രണ്ടാം പകുതിയില്‍ രണ്ട് ഗോളടിച്ചാണ് സൗദി അട്ടിമറിച്ചത്.