റിയാദ്: സൗദിയിൽ ട്രക്കുകളിൽ ഒളിപ്പിച്ച് കടത്തിയ നിരോധിത ഗുളികകൾ പിടികൂടി. 17000 നിരോധിത ഗുളികകളും 24 കിലോഗ്രാം ലഹരി മരുന്നും ബത്ത്ഹ അതിർത്തി ചെക്ക് പോസ്റ്റിൽ കംസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടി. ട്രക്കുകളുടെ ഫയർ സിലിണ്ടറുകളിലും വാഹനത്തിന്റെ വിവിധ ഭാഗങ്ങളിലുമായി ഒളിപ്പിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ആന്റി നാർകോട്ടിക് വകുപ്പിന്റെ സഹകരണത്തോടെ സൗദിയിൽ ലഹരി മരുന്ന് ശേഖരം സ്വീകരിക്കാൻ എത്തിയവരെ കസ്റ്റഡിയിലെടുക്കാൻ കഴിഞ്ഞതായി ടാക്‌സ് ആൻഡ് കസ്റ്റംസ് വകുപ്പ് അറിയിച്ചു. ലഹരി മരുന്നുകളും നിരോധിത ഉൽപന്നങ്ങളും രാജ്യത്തേക്കു കടത്തുന്നതു തടയാനുള്ള ശ്രമത്തിൽ പൊതുജനങ്ങളുടെ സഹകരണം കസ്റ്റംസ് അതോറിറ്റി അഭ്യർഥിച്ചു.
നിരോധിത വസ്തുക്കളും ടാക്‌സ് വെട്ടിപ്പും കണ്ടെത്തുന്നതിനാവശ്യമായ വിവരങ്ങൾ നൽകുന്നവർക്ക് പാരിതോഷികം നൽകുമെന്നും വിവരങ്ങൾ അതീവ രഹസ്യമായി സൂക്ഷിക്കുമെന്നും അധികൃതർ പറഞ്ഞു.