Monday, December 5, 2022
HomeGulfവിദേശ ഉംറ തീര്‍ഥാടകരുടെ നടപടിക്രമങ്ങള്‍ സുഗമമാക്കുന്നതിന് 'നുസുക്' പ്ലാറ്റ്‌ഫോം ആരംഭിച്ചു

വിദേശ ഉംറ തീര്‍ഥാടകരുടെ നടപടിക്രമങ്ങള്‍ സുഗമമാക്കുന്നതിന് ‘നുസുക്’ പ്ലാറ്റ്‌ഫോം ആരംഭിച്ചു

ജിദ്ദ: സൗദി സന്ദര്‍ശനത്തിനും ഉംറ നിര്‍വഹണത്തിനുമുള്ള നടപടിക്രമങ്ങള്‍ സുഗമമാക്കുന്നതിന് ഏകീകൃത സര്‍ക്കാര്‍ പ്ലാറ്റ്‌ഫോമായ ‘നുസുക്’ ആരംഭിച്ചു. ഹജ്ജ്, ഉംറ മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. മക്കയിലേക്കും മദീനയിലേക്കും സന്ദര്‍ശകര്‍ക്കുള്ള പുതിയ സൗദി പോര്‍ട്ടലായിരിക്കും ഇനി മുതൽ ഈ പ്ലാറ്റ്‌ഫോം.

ഉംറ ചെയ്യാനോ സന്ദര്‍ശനത്തിനോ ആഗ്രഹിക്കുന്നവര്‍ക്ക് ആവശ്യമായ വിസകളും പെര്‍മിറ്റുകളും നല്‍കാനും പാക്കേജുകളും പ്രോഗ്രാമുകളും ഓണ്‍ലൈനായി ബുക്ക് ചെയ്യാനും ‘നുസുക്’ പ്ലാറ്റ്‌ഫോം വഴി സാധിക്കും. ഭാവിയിൽ ഇന്ററാക്ടീവ് മാപ്പുകളും ഷോകള്‍ക്കും ആക്‌റ്റിവിറ്റികള്‍ക്കുമുള്ള കലണ്ടറും മറ്റുമുള്‍പ്പെടെ സേവനങ്ങള്‍ ഉള്‍പ്പെടുത്തി വികസിപ്പിക്കാനും മന്ത്രാലയം ലക്ഷ്യമിടുന്നുണ്ട്.

തീര്‍ഥാടകര്‍ക്കും സന്ദര്‍ശകര്‍ക്കും വിവിധ ഭാഷകളിലുള്ള എല്ലാ നിര്‍ദേശങ്ങള്‍ക്കുമുള്ള ഡിജിറ്റല്‍ ഗൈഡും ആരോഗ്യ വിവരങ്ങളും സേവനങ്ങളും പ്ലാറ്റ്‌ഫോമില്‍ പിന്നീട് ആരംഭിക്കും. ഉംറ സേവന ദാതാക്കള്‍ക്ക് അവരുടെ സേവനങ്ങളെക്കുറിച്ചും ഓഫറുകളെക്കുറിച്ചുമുള്ള വിവരങ്ങള്‍ ഇലക്‌ട്രോണിക് രൂപത്തില്‍ ‘നുസുക്’ പ്ലാറ്റ്‌ഫോമില്‍ നല്‍കാനുള്ള സൗകര്യവും ഭാവിയില്‍ ഉണ്ടാവും.

നേരത്തെ നിലവിലുള്ള ‘മഖാം’ പോര്‍ട്ടല്‍ അതേപടി തുടരുമെന്നും എന്നാല്‍ അതിന്റെ എല്ലാ സേവനങ്ങളും പടിപടിയായി ‘നുസുക്’ പ്ലാറ്റ്‌ഫോമിലേക്ക് മാറ്റുമെന്നും മന്ത്രാലയം അറിയിച്ചു.സൗദി ടൂറിസം അതോറിറ്റിയുടെ സഹകരണത്തോടെയും പങ്കാളിത്തത്തോടെയുമാണ് ‘നുസുക്’ പ്ലാറ്റ്‌ഫോം ആരംഭിച്ചത്.

Most Popular