ജിദ്ദ: സൗദിയിലെ സ്കൂളുകള്‍ പൂർവ സ്ഥിതിയിലേക്ക്. സ്കൂളുകളിൽ സാമൂഹ്യ അകലം ഒഴിവാക്കി. അസംബ്ലിയും കായിക വ്യായാമ പരിശീലനവും മറ്റ് പാഠ്യേതര പ്രവര്‍ത്തനങ്ങളും പഴയതുപോലെ പുനരാരംഭിച്ചു. ആരോഗ്യ മുന്‍കരുതലുകള്‍ പൂര്‍ത്തിയാക്കി വേണം വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിക്കാൻ. സ്കൂൾ ജീവനക്കാരും 12 വയസ്സുമുതലുള്ള വിദ്യാർഥികളും വാക്സിൻ നടപടി പൂർത്തിയാക്കി മാത്രം സ്കൂളിൽ വരുക എന്ന വ്യവസ്ഥ പൂർണമായും പാലിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
പുതിയ അക്കാദമിക് കലണ്ടറിനെ അടിസ്ഥാനമാക്കി 39 ആഴ്ച നീണ്ട അധ്യയനവര്‍ഷമാണ് ഇപ്പോള്‍ രാജ്യത്തെ പൊതു വിദ്യാഭ്യാസ മേഖലയില്‍ നിലവിലുള്ളത്. മികച്ച അന്താരാഷ്ട്ര നിലവാരത്തിന് അനുസൃതമായി വിദ്യാഭ്യാസ കാര്യക്ഷമതയുടെ നിലവാരം ഉയർത്താനാണ് പുതിയ സംവിധാനം ലക്ഷ്യമിടുന്നതെന്ന് മന്ത്രാലയം അറിയിച്ചു. മൂന്നു സെമസ്റ്ററുകളിലെ മൂല്യനിർണയം അവലോകനം ചെയ്തശേഷം കുട്ടികളുടെ വിദ്യാഭ്യാസ നിലവാരം നിർണയിക്കാനും പഠനനിലവാരം ഉയർത്തുന്നതിനും പുതിയ സംവിധാനം വഴിവെക്കുമെന്ന് മന്ത്രാലയം വിലയിരുത്തി.