
അബൂദബി: സീവേള്‍ഡ് യാസ് ഐലൻഡ് തുറന്നു. അബൂദബി കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് ആല് നഹ്യാനാണ് പുതിയ തീം പാര്‍ക്ക് ഉദ്ഘാടനം ചെയ്തത്.
വിദഗ്ധരായ സമുദ്ര ശാസ്ത്രജ്ഞരും വെറ്ററിനേറിയന്മാരും അനിമല്‍ കെയര്‍ പ്രഫഷനല്‍സും മറൈന്‍ അനിമല്‍ റെസ്ക്യൂ വിദഗ്ധരുമൊക്കെ അടങ്ങുന്ന സംഘത്തിന്റെ മേല്‍നോട്ടത്തിലാണ് കേന്ദ്രം. സമുദ്ര വന്യജീവിതത്തെക്കുറിച്ചും ആവാസ വ്യവസ്ഥയെക്കുറിച്ചും പരിസ്ഥിതി വ്യവസ്ഥയെക്കുറിച്ചുമെല്ലാം പൊതുജനങ്ങളെ ഉദ്ബോധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രത്തിന്റെ പ്രവര്‍ത്തനം.
അമേരിക്കയിലാണ് ദ ഗ്ലോബല്‍ സീ വേള്‍ഡ് റിസര്‍ച്ച് ആന്‍ഡ് റെസ്ക്യുവിന്റെ ആസ്ഥാനം. യു.എസിനു പുറത്തുള്ള ആദ്യ കേന്ദ്രമാണ് യാസ് വേള്‍ഡില്‍ തുറന്നിരിക്കുന്നത്. ആഗോളതലത്തില്‍ സമുദ്ര ജീവി സംരക്ഷണത്തിനും റെസ്ക്യൂ, ശാസ്ത്രീയ പഠനത്തിനുമായി 60ഓളം വര്‍ഷം മുമ്പാണ് യു.എസില്‍ സീവേള്‍ഡിനു തുടക്കം കുറിച്ചത്.
അബൂദബി സാംസ്കാരിക, ടൂറിസം വകുപ്പ് ചെയര്‍മാനും മിറാല്‍ ചെയര്‍മാനുമായ മുഹമ്മദ് ഖലീഫ അല്‍ മുബാറക്, മിറാല്‍ സി.ഇ.ഒ മുഹമ്മദ് അബ്ദുല്ല അല്‍സാബി എന്നിവര്‍ ശൈഖ് ഖാലിദിനെ അനുഗമിച്ചു.