Friday, August 12, 2022
HomeGulfടീസ്റ്റ സെറ്റൽവാദിന്റെ അറസ്റ്റ് അന്യായമെന്ന് സോഷ്യൽ ഫോറം

ടീസ്റ്റ സെറ്റൽവാദിന്റെ അറസ്റ്റ് അന്യായമെന്ന് സോഷ്യൽ ഫോറം

ദോഹ: പ്രമുഖ മനുഷ്യാവകാശ പ്രവർത്തക ടീസ്റ്റ സെറ്റൽവാദിനെ അറസ്റ്റ് ചെയ്ത ഗുജറാത്ത് പോലീസിന്റെ നടപടി പ്രതിഷേധാർഹമെന്ന് ഖത്തർ ഇന്ത്യൻ സോഷ്യൽ ഫോറം.

രാജ്യത്ത് ഭരണകൂടത്തെയും അധികാര വർഗ്ഗത്തെയും വിമർശിക്കുന്നവർ നിയമ നടപടികൾ ഏൽക്കേണ്ടിവരുമെന്ന അപകടകരമായ പ്രവണതയിലേക്കാണ് രാജ്യം പോയി കൊണ്ടൊരിക്കുന്നത്. തങ്ങൾക്കെതിരാണെന്ന് തോന്നുന്ന മാധ്യമ പ്രവർത്തകരെയും സാഹിത്യകാരന്മാരെയും മനുഷ്യാവകാശ പ്രവർത്തകരെയും ഉദ്യോഗസ്ഥരെയും എല്ലാം തുറുങ്കിലടച്ച് ഒരു ഏകാധിപത്യ ഭരണത്തിലേക്കാണ് നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ നടന്നടുക്കുന്നതെന്ന് സോഷ്യൽ ഫോറം കുറ്റപ്പെടുത്തി.

രാജ്യം ഒരുഭാഗത്ത് സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങികൊണ്ടിരിക്കെ തന്നെ മറുഭാഗത്ത് സ്വന്തം പൗരന്മാർക്കെതിരെ കള്ളക്കേസുകൾ ചുമത്തി അവരെ അറസ്റ്റ് ചെയ്തുകൊണ്ടിരിക്കുന്നു, തങ്ങളെ വിമർശിക്കുന്നവരുടെ വീടുകൾ ബുൾഡോസറുകൾ ഉപയോഗിച്ച് തകർത്തുകൊണ്ടിരിക്കുന്നു, മാന്യമായി പ്രതിഷേധിക്കാൻ പോലും അവസരം നൽകാതെ നിഷ്ഠൂരമായി വെടിവെച്ചു കൊല്ലുന്നു. അശാസ്ത്രീയവും അരാഷ്ട്രീയവുമായ ഇത്തരം പ്രവണതകൾ രാജ്യത്തെ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിവിടുകയാണ് ചെയ്യുന്നതെന്നും സോഷ്യൽ ഫോറം ആശങ്ക പ്രകടിപ്പിച്ചു.

രാജ്യത്ത് ഈ പ്രവണത തുടരുകയാണെങ്കിൽ അധികം വൈകാതെ തന്നെ രാജ്യത്തിന്റെ മഹത്തായ ഭരണഘടന നശിപ്പിക്കപ്പെട്ടേക്കാം. അത് സംഭവിക്കാതിരിക്കാൻ ജനാധിപത്യ വിശ്വാസികൾ ഒറ്റക്കെട്ടായി രംഗത്ത് വരണമെന്നും സോഷ്യൽ ഫോറം പത്രക്കുറിപ്പിൽ ആവശ്യപ്പെട്ടു.

Most Popular