ഖത്തറിൽ തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവർക്കുള്ള സമയ നിയന്ത്രണം ഇന്ന് മുതൽ പ്രാബല്യത്തിൽ

ദോഹ: ഖത്തറിൽ തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവർക്കുള്ള സമയ നിയന്ത്രണം ഇന്ന് മുതൽ പ്രാബല്യത്തിൽ. സെപ്റ്റംബർ പതിനഞ്ച് വരെ നിയന്ത്രണങ്ങൾ തുടരുമെന്ന് ഖത്തർ തൊഴിൽ മന്ത്രാലയം വ്യക്തമാക്കി. കടുത്ത വേനൽ ചൂടിന്റെ പശ്ചാത്തലത്തിൽ രാവിലെ 10 മുതല്‍ വൈകുന്നേരം 3.30 വരെ തുറസ്സായ സ്ഥലങ്ങളില്‍ ജോലി ചെയ്യാൻ പാടുള്ളതല്ല.

അനുയോജ്യമായ വെന്റിലേഷന്‍ സൗകര്യങ്ങളില്ലാത്ത തണലുള്ള സ്ഥലങ്ങളിലെ ജോലികള്‍ക്കും ഇത് ബാധകമാണ്. എന്നാല്‍ വൈകുന്നേരം മൂന്നരക്ക് ശേഷം തുറസ്സായ സ്ഥലങ്ങളില്‍ ജോലി ചെയ്യാവുന്നതാണ്.

നേരിട്ടുള്ള സൂര്യപ്രകാശത്തില്‍ വര്‍ക്ക് സൈറ്റുകളുള്ള കമ്പനികളും സ്ഥാപനങ്ങളും, എല്ലാ തൊഴിലാളികള്‍ക്കും കാണാന്‍ കഴിയുന്ന ദൃശ്യമായ സ്ഥലത്ത് സമയനിരോധനം അറിയിച്ചുള്ള ഷെഡ്യൂള്‍ സ്ഥാപിക്കണം.

അതേസമയം, നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ലേബര്‍ ഇന്‍സ്‌പെക്ടര്‍മാര്‍ തൊഴിലിടങ്ങളില്‍ പരിശോധന നടത്തും.