Monday, May 16, 2022
HomeGulfയുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ ഖബറടക്കം അബുദാബിയില്‍ നടന്നു

യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ ഖബറടക്കം അബുദാബിയില്‍ നടന്നു

അബുദാബി: യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ ഖബറടക്കം അബുദാബിയില്‍ നടന്നു. ഇന്നലെ അന്തരിച്ച അദ്ദേഹത്തിന്‍റെ മൃതദേഹം അബുദാബിയിലെ അല്‍ ബത്തീന്‍ ഖബര്‍സ്ഥാനില്‍ ഖബറടക്കിയതായി യുഎഇയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി അറിയിച്ചു.

ശൈഖ് സുല്‍ത്താന്‍ ബിന്‍ സായിദ് പള്ളിയില്‍ നടന്ന മരണാനന്തര ചടങ്ങുകളിലും പ്രാർത്ഥനകളിലും അബുദാബി കിരീടാവകാശിയും ശൈഖ് ഖലീഫയുടെ സഹോദരനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‍യാനും രാജകുടുംബത്തിലെ മറ്റ് അംഗങ്ങളും പങ്കെടുത്തു.

യുഎഇയിലെ എല്ലാ പള്ളികളിലും വെള്ളിയാഴ്ച ശൈഖ് ഖലീഫയ്‍ക്ക് വേണ്ടിയുള്ള മരണാനന്തര പ്രാര്‍ത്ഥനകള്‍ നടത്തി. സ്വദേശികളും പ്രവാസികളുമടക്കം ആയിരക്കണക്കിന് പേരാണ് പ്രാർത്ഥനകളിൽ പങ്കെടുക്കാനെത്തിയത്. രാഷ്‍ട്രത്തലവന്റെ നിര്യാണത്തെ തുടര്‍ന്ന് യുഎഇയില്‍ 40 ദിവസത്തെ ദുഃഖാചരണമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യത്തെ പൊതു – സ്വകാര്യ മേഖലകള്‍ക്ക് മൂന്ന് ദിവസത്തെ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്.

യു എ ഇ പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിൻ സായിദ് അല്‍ നഹ്യാനോടുള്ള ആദര സൂചകമായി ഇന്ത്യ ഇന്ന് ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചു. ദുഃഖാചരണത്തിന്റെ ഭാഗമായി ദേശീയ പതാക താഴ്ത്തിക്കെട്ടും. നേരത്തെ യു എ ഇ പ്രസിഡന്‍റിന്‍റെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കമുള്ളവർ അനുശോചനം രേഖപ്പെടുത്തിയിരുന്നു.

Most Popular