ദോഹ: ഖത്തറിൽ അടുത്തയാഴ്ച മുതൽ തണുപ്പുകാല ക്യാമ്പിംഗ് സീസൺ ആരംഭിക്കും. അതിനുള്ള നടപടികൾ ഖത്തർ മുനിസിപ്പാലിറ്റി, പരിസ്ഥിതി മന്ത്രാലയം ആരംഭിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്യാമ്പുകൾ സ്ഥാപിക്കാനുള്ള വിവിധ ഘട്ടങ്ങളിലെ ഫീസുകളും അധികൃതർ പ്രഖ്യാപിച്ചു. ബീച്ചുകൾ, സീസൈഡ്, നാച്വറൽ റിസർവുകൾ എന്നിവിടങ്ങളിൽ ക്യാമ്പുകൾ സ്ഥാപിക്കുന്നതിന് 10,000 റിയാലാണ് ഫീസ്.
ക്യാമ്പിംഗ് സീസണിനായുള്ള രജിസ്ട്രേഷനുകൾ മൂന്ന് ഘട്ടങ്ങളായാണ് ക്രമീകരിച്ചിരിക്കുന്നത്. ആദ്യഘട്ടത്തിൽ ഒക്ടോബർ 11നാണ് രജിസ്ട്രേഷൻ നടത്തേണ്ടത്. നടപടികൾ പൂർത്തിയാക്കുന്നവർക്ക് ഈ മാസം 13 മുതൽ ക്യാമ്പിംഗ് നടത്താൻ അനുമതി ലഭിക്കും.
അൽശമാൽ, അൽഗശമിയ, സീലൈൻ, റാസ് മത്ബക്, അറദ, സിക്രീത്ത്, അൽ നഗ്യാൻ, അൽ കറാന, അഷർജി, ഉം അൽ മാ എന്നിവിടങ്ങളാണ് ക്യാമ്പിംഗിനായി അനുവദിക്കുക.
രണ്ടാംഘട്ടം 14നാണ് രജിസ്ട്രേഷൻ നടത്തേണ്ടത്. ഒക്ടോബർ 16 മുതൽ ഇവർക്ക് അൽറീം റിസർവ്, അൽ മറൂന, അൽ മസ്റുഅ, ഉം അൽ അഫാഇ, അൽ ഹാഷിം, അബൂദലൗഫ്, അൽ സുബാറ, അൽ ഉദൈ, സൗത് അൽ ഖറാഇജ്, അബു സംറ എന്നിവിടങ്ങളിൽ ക്യമ്പ് ചെയ്യാനുള്ള അനുമതി ലഭിക്കും.
മൂന്നാം ഘട്ടം 18ന് രജിസ്റ്റർ ആരംഭിക്കും. ഒക്ടോബർ 20 മുതൽ ക്യാമ്പിങ്ങിന് അനുമതി ലഭിക്കും. റൗദത് റാഷിദ്, റൗദത് അയ്ഷ, അൽഖോർ, അൽവാബ്, മുഖിത്ന, അൽഗരിയ, അൽ മുഫൈർ, റാസ് അൽനൗഫ്, അൽ അതുരിയ, അൽ സനാ, വെസ്റ്റ് അൽ റയിസ് എന്നിവിടങ്ങിലാണ് ഇവർക്ക് അനുമതി ലഭിക്കുക.