ഖത്തറില്‍ പള്ളികളില്‍ നമസ്‌ക്കാരത്തിനെത്തുന്നവര്‍ ഇനി മുതല്‍ സാമൂഹിക അകലം പാലിക്കേണ്ടതില്ല

ദോഹ: ഖത്തറില്‍ പള്ളികളില്‍ നമസ്‌ക്കാരത്തിനെത്തുന്നവര്‍ ഇനി മുതല്‍ സാമൂഹിക അകലം പാലിക്കേണ്ടതില്ല. ഔഖാഫ് മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് നിയന്ത്രണങ്ങളിൽ ഖത്തർ കൂടുതൽ ഇളവുകൾ നൽകിയതോടെയാണ്‌ പള്ളികളിലും മാറ്റങ്ങൾ വരുത്തുന്നത്.
ഇനി മുതൽ ദിവസേനയുള്ള അഞ്ചുനേര നമസ്‌കാരങ്ങളിലും വെള്ളിയാഴ്ച ജുമുഅ നമസ്‌കാരത്തിലും സാമൂഹിക അകലം പാലിക്കേണ്ടതില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി. എന്നാൽ, വെള്ളിയാഴ്ച ഖുതുബ നടക്കുന്ന സമയങ്ങളില്‍ വിശ്വാസികള്‍ ഒരു മീറ്റര്‍ അകലം പാലിച്ചു വേണം പള്ളിയില്‍ ഇരിക്കാന്‍. തിരക്ക് കുറഞ്ഞ പള്ളികളില്‍ വുദു എടുക്കാന്‍ സൗകര്യമൊരുക്കാമെന്നും നിര്‍ദേശമുണ്ട്. അതേസമയം, പള്ളിയിലും പരിസരങ്ങളിലും കൊവിഡ് സുരക്ഷാ മുന്‍കരുതലുകള്‍ പാലിക്കണം. മാസ്‌ക് അണിഞ്ഞ് മാത്രമേ വിശ്വാസികള്‍ പള്ളിയില്‍ പ്രവേശിക്കാന്‍ പാടുള്ളൂ. സ്വന്തം മുസല്ല കൈയില്‍ കരുതണം. ഇഹ്തിറാസ് ആപ്ലിക്കേഷന്‍ ബന്ധപ്പെട്ടവര്‍ക്ക് മുമ്പാകെ പ്രദര്ശിപ്പിക്കണമെന്നും നിർദേശമുണ്ട്.