മൂന്ന് പുതിയ ട്രാഫിക് ഫൈനുകള്‍ പ്രഖ്യാപിച്ച് യുഎഇ

ദുബായ്: യുഎഇയില്‍ മൂന്ന് പുതിയ ട്രാഫിക് ഫൈനുകള്‍ പ്രഖ്യാപിച്ചു. രണ്ടായിരം ദിര്‍ഹം വരെ പിഴ ഈടാക്കുന്ന നിയമലംഘനങ്ങളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

അടിയന്തിര സാഹചര്യങ്ങളിലും, അത്യാഹിതങ്ങളോ പ്രകൃതി ദുരന്തങ്ങളോ കാലാവസ്ഥ പ്രതികൂലമാവുന്ന സാഹചര്യങ്ങളിലോ ഡ്രൈവര്‍മാര്‍ പൂര്‍ണമായും ഗതാഗത നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും സുരക്ഷ ഉറപ്പാക്കുമാണ് പുതിയ നിയമത്തിലുടെ ലക്ഷ്യമിടുന്നത്.

മഴപെയ്യുമ്ബോള്‍ താഴ്‌വരകളിലും വെള്ളപ്പൊക്കമേഖലകളിലും ഡാമുകളിലും ഒത്തുകൂടുന്നതിന് 1000 ദിര്‍ഹം പിഴയും ലൈസന്‍സില്‍ ആറു ബ്ലാക്ക് പോയിന്റും ലഭിക്കും.

വെള്ളംകയറിയ താഴ്‌വരകളില്‍ പ്രവേശിച്ചാല്‍ രണ്ടായിരം ദിര്‍ഹമാണ് പിഴ. ഇതിനു പുറമേ ലൈസന്‍സില്‍ 23 ബ്ലാക്ക് പോയിന്റും വാഹനം 23 ദിവസത്തേക്ക് കണ്ടുകെട്ടുകയും ചെയ്യും.

ബന്ധപ്പെട്ട അധികൃതരെ ഗതാഗത പാലനത്തില്‍ നിന്നും തടയുക, ആംബുലന്‍സുകള്‍, റെസ്‌ക്യൂ വാഹനങ്ങള്‍ എന്നിവയെ ദുരന്തം, താഴ്‌വരകളിലെ വെള്ളക്കെട്ട് പോലുള്ള പ്രശ്‌നസമയങ്ങളില്‍ തടയുന്ന കുറ്റത്തിന് 1000 ദിര്‍ഹമാണ് പിഴ. ഇതിനുപുറമേ ലൈസന്‍സില്‍ നാല് ബ്ലാക്ക് പോയിന്റും 60 ദിവസത്തേക്ക് വാഹനം കണ്ടുകെട്ടുകയും ചെയ്യും.

മുന്നറിയിപ്പുകളെ അവഗണിച്ചും ആളുകള്‍ മലയോരമേഖലകളിലേക്ക് മഴ ആസ്വദിക്കുന്നതിനായി പോവുന്ന പതിവ് വര്‍ധിക്കുന്ന സാഹചര്യത്തിലാണ് കര്‍ശനനടപടികളുമായി അധികൃതര്‍ രംഗത്തെത്തിയത്.