ടൂറിസ്റ്റ് / വിസിറ്റ് വിസക്കാർക്ക് യുഎഇയിലേക്ക് യാത്ര ചെയ്യാന്‍ അനുമതി

അബുദാബി: എല്ലാ രാജ്യങ്ങളിൽ നിന്നുമുള്ള ടൂറിസ്റ്റ്/ വിസിറ്റ് വിസക്കാർക്ക് യു എ ഇയിലേക്ക് യാത്ര ചെയ്യാൻ അനുമതി. ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) അംഗീകരിച്ച കോവിഡ് -19 വാക്സിൻ രണ്ട് ഡോസുകൾ സ്വീകരിച്ച “എല്ലാ രാജ്യങ്ങളിൽനിന്നും” ഉള്ള ടൂറിസ്റ്റ് വിസക്കാർക്കും ഇതോടെ യൂ എ ഇ യിലേക്ക് പ്രവേശിക്കാൻ കഴിയും. യുഎഇയിലേക്കുള്ള യാത്ര നിരോധിച്ചിട്ടുള്ള രാജ്യങ്ങളിൽ നിന്നുള്ള ടൂറിസ്റ്റ് വിസ ഉടമകൾക്കും ഇത് ബാധകമാണെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. പുതിയ തീരുമാനം ഓഗസ്റ്റ് 30 മുതല്‍ പ്രാബല്യത്തില്‍ വരും.

ഈ തീരുമാനം പ്രാബല്യത്തിൽ വരുന്നതോടെ വാക്സിന്‍ സ്വീകരിച്ച, ഇന്ത്യയില്‍ നിന്നുള്‍പ്പെടെയുള്ള യാത്രക്കാര്‍ക്ക് ടൂറിസ്റ്റ് വിസക്ക് അപേക്ഷിക്കാം. സന്ദര്‍ശക വിസയില്‍ രാജ്യത്തേക്ക് യാത്ര ചെയ്യുന്നവര്‍ വിമാനത്താവളത്തിലെത്തുമ്പോള്‍ റാപിഡ് പിസിആര്‍ ടെസ്റ്റിന് വിധേയമാകണം. ഐസിഎ വെബ്‌സൈറ്റ് വഴിയും അല്‍ ഹുസ്ന്‍ ആപ്പ് വഴിയും വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് രജിസ്റ്റര്‍ ചെയ്യാം. വിലക്ക് ഏര്‍പ്പെടുത്തിയ രാജ്യങ്ങളിലെ വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ക്ക് നേരത്തെ നിലവിലുള്ള നിയമങ്ങള്‍ മാറ്റമില്ലാതെ തുടരുമെന്നാണ് അറിയിച്ചിരിക്കുന്നത്.