ലോകകപ്പിലെ ഗതാഗത സേവനങ്ങളിൽ മികച്ച പങ്കാളിയായി ട്രാമുകൾ

ദോഹ: ലോകകപ്പിലെ ഗതാഗത സേവനങ്ങളിൽ മികച്ച പങ്കാളിയായി ട്രാമുകൾ. വിവിധ സ്റ്റേഡിയങ്ങളിലേക്കും ഫാൻ സോണുകളിലേക്കും വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുമുള്ള ലോകകപ്പ് ആരാധകരുടെ യാത്രക്ക് കൂടുതൽ പങ്കാളിത്തമുറപ്പാക്കുകയാണ് ട്രാമുകൾ. ട്രാം സർവീസിനെ കൂടാതെ ദോഹ മെട്രോ കാർവാ ബസുകൾ എന്നിവയെയാണ് ആളുകൾ പ്രധാനമായും ആശ്രയിക്കുന്നത്. മികച്ച സേവനവും കൃത്യതയും ട്രാമുകളെ മികച്ച ഗതാഗത മാർഗമാക്കി മാറ്റുന്നു.

ഗതാഗത മന്ത്രാലയം ട്വിറ്ററിൽ പങ്കിട്ട ഡാറ്റ പ്രകാരം നവംബർ 29, ചൊവ്വാഴ്ച മാത്രം, ലുസൈൽ ട്രാം 27,626 യാത്രക്കാർക്ക് സേവനം നൽകി, മിശെരീബ്‌ ട്രാമും എജ്യുക്കേഷൻ സിറ്റി ട്രാമും 5,509 യാത്രക്കാർക്ക് സേവനം നൽകി. ചൊവ്വാഴ്ച ദോഹ മെട്രോയിലും ലുസൈൽ ട്രാമിലുമായി 692,024 യാത്രക്കാരെ എത്തിച്ചതായി മന്ത്രാലയം ട്വീറ്റ് ചെയ്തു. നവംബർ 29-ന് 9,679 പൊതു ബസ് ട്രിപ്പുകൾ 284,837 യാത്രക്കാരെ എത്തിച്ചു.