2023-ലെ സർക്കാർ, സ്വകാര്യ മേഖലയിലെ പൊതു അവധികൾ പ്രഖ്യാപിച്ച് യുഎഇ

ദുബായ്: സർക്കാർ, സ്വകാര്യ മേഖലയിലെ പൊതു അവധികൾ പ്രഖ്യാപിച്ച് യുഎഇ. പൊതു അവധിയോടെയാണ് പുതിയ വർഷം ആരംഭിക്കുന്നത്. ജനുവരി ഒന്നിനു പൊതു അവധിയാണ്.

ആഴ്ച അവസാനവുമായി ചേർന്നു വരുന്ന അവധികൾ 4 തവണ ലഭിച്ചേക്കാം. റമസാൻ അവധിയാണ് ഇതിൽ പ്രധാനം. മാസപ്പിറവി കണക്കിലെടുത്താൽ ഏപ്രിൽ 20 മുതൽ 23വരെ ഇദുൽഫിത്തർ അവധി ലഭിക്കും.

വ്യാഴം മുതൽ ഞായർ വരെയാണ് ഈ അവധികൾ. അറഫാ ദിനവുമായി ബന്ധപ്പെട്ടുള്ളതാണ് ഏറ്റവും ദീർഘമായ അവധി. 6 ദിവസം വരെ അവധി ലഭിച്ചേക്കും. കണക്കു പ്രകാരം ജൂൺ 27 ചൊവ്വാഴ്ച മുതൽ 30 വെള്ളിയാഴ്ച വരെ അറഫാ ദിന അവധിയായിരിക്കും.

ഇതിനോടു ചേർന്നു ശനിയും ഞായറും വരുന്നതിനാൽ മൊത്തം 6 ദിവസത്തെ അവധി ലഭിക്കും. ഹിജ്റ പുതുവർഷം ജുലൈ 21 വെള്ളിയാഴ്ചയാണ്. ശനിയും ഞായറും കൂട്ടിയാൽ 3 ദിവസത്തെ അവധി ലഭിക്കും. നബിദിനം സെപ്റ്റംബർ 29 ആകുമെന്നാണ് സൂചന.

അങ്ങനെ വന്നാൽ, അതും വെള്ളിയാഴ്ചയാണ്. മൊത്തം 3 ദിവസത്തെ അവധിക്കുള്ള സാധ്യതയുണ്ട്. ഇതിനു പുറമെ ഡിസംബർ 2,3 ദിവസങ്ങളിൽ ദേശീയ ദിനം പ്രമാണിച്ച് അവധിയായിരിക്കും. 2, 3 തീയതികൾ ശനിയും ഞായറുമാണ്.