വാടകയും സ്കൂൾ ഫീസും കൂട്ടി യുഎഇ; ദുരിതത്തിലായി പ്രവാസികൾ

യുഎഇ: ദുബായിലും ഷാർജയിലും ചിലയിടങ്ങളിൽ 10% മുതൽ 25% വരെ വാടക ഉയർന്നതായാണു റിപ്പോർട്ടുകൾ. മറ്റ് എമിറേറ്റുകളിൽ 5% വീതം കൂടിയിട്ടുണ്ട്. വാടക വർധനയ്ക്കു പിന്നാലെ സ്കൂൾ ഫീസ് വർധിപ്പിച്ചതും പ്രവാസികളെ പ്രയാസത്തിലാക്കി. 2023 – 24 അക്കാദമിക വര്‍ഷത്തില്‍ വാര്‍ഷിക ട്യൂഷന്‍ ഫീസ് വര്‍ദ്ധിപ്പിക്കാന്‍ അനുമതി. പരമാവധി അഞ്ച് ശതമാനം വരെ ഫീസ് വര്‍ദ്ധനവിനാണ് തിങ്കളാഴ്ച ഷാര്‍ജ പ്രൈവറ്റ് എജ്യൂക്കേഷന്‍ അതോറിറ്റി അനുമതി നല്‍കിയത്.

ദുബൈയിലെ സ്വകാര്യ സ്കൂളുകളില്‍ അടുത്ത അദ്ധ്യയന വര്‍ഷം ആറ് ശതമാനം വരെ ഫീസ് വര്‍ദ്ധിക്കും. ട്യൂഷന്‍ ഫീസില്‍ മൂന്ന് ശതമാനം മുതല്‍ ആറ് ശതമാനം വരെ വര്‍ദ്ധനവ് വരുത്താന്‍ ദുബൈയിലെ നോളജ് ആന്റ് ഹ്യൂമണ്‍ ഡെവലപ്‍മെന്റ് അതോറിറ്റി (കെ.എച്ച്.ഡി.എ) അനുമതി നല്‍കി. നേരത്തെയുണ്ടായിരുന്ന അതേ റേറ്റിങ് തന്നെ നിലനിര്‍ത്തിയിട്ടുള്ള സ്‍കൂളുകള്‍ക്ക് മൂന്ന് ശതമാനം ഫീസ് വര്‍ദ്ധിപ്പിക്കാം.

വാർഷിക പരീക്ഷ കഴിയുന്നതോടെ കുടുംബത്തെ നാട്ടിലേക്ക് അയയ്ക്കാനുള്ള തീരുമാനത്തിലാണ് ചിലർ. വൻതുക ഫീസുള്ള സ്കൂളിൽനിന്ന് താരതമ്യേന കുറഞ്ഞ ഫീസുള്ള സ്കൂളിലേക്കു മാറ്റിയും മറ്റു ചിലർ സാമ്പത്തിക ഭാരം ലഘൂകരിക്കുന്നു.