യുഎഇയിലെ ബാങ്കുകൾ വെള്ളിയാഴ്ച ഉൾപ്പടെ ആറ് ദിവസം പ്രവർത്തിക്കും

അബുദാബി: യുഎഇയിലെ ബാങ്കുകൾ വെള്ളിയാഴ്ച ഉൾപ്പടെ ആറ് ദിവസം പ്രവർത്തിക്കുമെന്ന് സെൻട്രൽ ബാങ്ക് വ്യക്തമാക്കി. രാജ്യത്തെ എല്ലാ ബാങ്കുകളും പ്രവർത്തി ദിവസങ്ങളിൽ 5 മണിക്കൂറെങ്കിലും പൊതുജനങ്ങൾക്കായി തുറക്കണമെന്നും സർക്കുലറിൽ പറയുന്നു. യുഎഇ സെന്‍ട്രല്‍ ബാങ്ക് കഴിഞ്ഞ ദിവസം രാജ്യത്തെ എല്ലാ ബാങ്കുകള്‍ക്കും അയച്ച നിർദേശത്തിലാണ് പ്രവർത്തി ദിനങ്ങളെക്കുറിച്ച് വ്യക്തമാക്കിയത്.
2022 ജനുവരി രണ്ട് മുതലായിരിക്കും ഇത് പ്രാബല്യത്തില്‍ വരിക.

യുഎഇയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ വാരാന്ത്യ അവധിയില്‍ മാറ്റം വരുത്തിയിരുന്നു, ഇതിന് പിന്നാലെയാണ് രാജ്യത്തെ ബാങ്കുകളുടെ പ്രവൃത്തി ദിവസങ്ങളും പുനര്‍നിശ്ചയിച്ചുകൊണ്ട് സെന്‍ട്രല്‍ ബാങ്ക് സര്‍ക്കുലര്‍ പുറത്തിറക്കിയിരിക്കുന്നത്. പ്രവൃത്തി സമയം എങ്ങനെയായിരിക്കണമെന്ന് അതത് ബാങ്കുകള്‍ക്ക് തന്നെ തീരുമാനിക്കാം. രാജ്യത്തെ നിയമങ്ങള്‍ക്ക് അനുസൃതമായി ബാങ്കുകളുടെ അഡ്‍മിനിസ്‍ട്രേഷന്‍ വിഭാഗത്തിന്റെയും ബാക്ക് ഓഫീസിന്റെയും പ്രവര്‍ത്തനം ക്രമീകരിക്കണമെന്നും സര്‍ക്കുലറില്‍ നിര്‍ദേശിച്ചിട്ടുണ്ട്.