സ്വദേശിവത്കരണം: യുഎഇയിൽ ജനുവരി ഒന്നുമുതൽ പരിശോധന കർശനമാക്കും

അബുദാബി∙ യുഎഇയിൽ സ്വകാര്യമേഖലയിലെ നിർബന്ധിത സ്വദേശിവൽക്കരണ പദ്ധതിക്കുള്ള സമയപരിധി ഡിസംബർ മുപ്പത്തിയൊന്നിന് അവസാനിക്കും. ജനുവരി ഒന്നുമുതൽ സ്വകാര്യ കമ്പനികളിൽ പരിശോധന ഊർജിതമാക്കും. സ്വദേശികളെ നിയമിക്കാത്ത കമ്പനികൾക്കെതിരെ കടുത്ത നടപടിയുണ്ടാകും. ഒരു തൊഴിലാളിയെ നിയമിക്കാത്തവർക്ക് മാസത്തിൽ 6000 (1,33,627 രൂപ) ദിർഹം വീതം വർഷത്തിൽ 72,000 ദിർഹം (16,03,532 രൂപ) പിഴ അടയ്ക്കണം. ജീവനക്കാരുടെ എണ്ണമനുസരിച്ച് പിഴയും വർധിക്കും.

കാലാവധിക്കകം നിയമം നടപ്പാക്കുകയും സമയബന്ധിതമായി സ്വദേശിവൽക്കരണ പരിധി ഉയർത്തുകയും ചെയ്യണമെന്ന് മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം ആവശ്യപ്പെട്ടു. സ്വകാര്യമേഖലയിൽ ജോലി ചെയ്യുന്ന സ്വദേശികളുടെ എണ്ണത്തിൽ 2 വർഷത്തിനകം 27% വർധനയുണ്ടെന്നത് ശുഭസൂചകമാണെന്നു മന്ത്രി ഡോ. അബ്ദുൽറഹ്മാൻ അൽ അവാർ പറഞ്ഞു.

അമ്പതോ അതിലധികമോ ജീവനക്കാരുള്ള സ്വകാര്യ കമ്പനിയിൽ വർഷത്തിൽ 2% വീതം സ്വദേശിവൽക്കരണം നടപ്പാക്കണമെന്നാണ് നിയമം. 2026ഓടെ 10% ആക്കി ഉയർത്തും. 50 തൊഴിലാളിക്ക് ഒരു സ്വദേശി എന്ന കണക്കിലാണ് നിയമിക്കേണ്ടത്. ബാങ്കിങ്, ധനകാര്യ സ്ഥാപനങ്ങൾ, ഇൻഷൂറൻസ്, ഫ്രീസോൺ തുടങ്ങി ഒട്ടേറെ മേഖലകളിൽ സ്വദേശികൾക്ക് മികച്ച അവസരങ്ങളുണ്ട്.

നിയമം ലംഘിക്കുന്ന കമ്പനികളെക്കുറിച്ച് 600 590000 നമ്പറിൽ പരാതിപ്പെടാം.