അബൂദബി: യുഎഇയില്‍ ഫെബ്രുവരി 15 മുതല്‍ സിനിമാ തീയേറ്ററുകള്‍ മുഴുവന്‍ ശേഷിയില്‍ പ്രവര്‍ത്തിച്ച് തുടങ്ങും. ദേശീയ അടിയന്തര ദുരന്ത നിവാരണ സമിതിയുടെ തീരുമാനം സാംസ്കാരിക, യുവജന മന്ത്രാലയത്തിന്റെ മീഡിയ റെഗുലേറ്ററി ഓഫീസ് ആണ് അറിയിച്ചത്. ഓരോ എമിറേറ്റിനും സിനിമാ തീയേറ്ററുകളിലെ ശേഷിയില്‍ മാറ്റം വരുത്താനും അവര്‍ക്ക് അനുയോജ്യമായ രീതിയില്‍ നടപടിക്രമങ്ങള്‍ ലഘൂകരിക്കാനോ കര്‍ശനമാക്കാനോ കഴിയുമെന്നും ദേശീയ അടിയന്തര ദുരന്ത നിവാരണ സമിതി വ്യക്തമാക്കി.
കോവിഡ് വ്യാപനത്തിന്റെ തുടക്കം മുതല്‍ പ്രൊഫഷനല്‍ രീതിയിലാണ് യുഎഇ ഈ പ്രതിസന്ധിയെ കൈകാര്യം ചെയ്തത്. കോവിഡ് പോരാട്ടത്തില്‍ യുഎഇ സര്‍കാര്‍ ഏജന്‍സികളുടെ പരിശ്രമങ്ങളുടെയും വിജയത്തിന്റെയും ഫലമായാണ് സിനിമാ തീയേറ്ററുകളില്‍ സീറ്റിങ് ശേഷി ഉയര്‍ത്താനുള്ള തീരുമാനമെടുത്തതെന്ന് മീഡിയ റെഗുലേറ്ററി ഓഫീസ് എക്സിക്യൂടീവ് ഡയറക്ടര്‍ ഡോ. റാശിദ് ഖാല്‍ഫാന്‍ അല്‍ നുഐമി പറഞ്ഞു.