യുഎഇയിൽ കനത്ത മൂടൽ മഞ്ഞ്; വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണം

അബുദാബി∙ യുഎഇയിൽ ‍ഇന്നു മുതൽ കനത്ത മൂടൽ മഞ്ഞുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. താപനില പരമാവധി 30 ഡിഗ്രിയായും അന്തരീക്ഷ ഈർപ്പം 90% ആയും ഉയരും. വ്യാഴാഴ്ച വരെ മൂടൽ മഞ്ഞ് തുടർന്നേക്കുമെന്നും മുന്നറിയിപ്പുണ്ട്.

പരസ്പരം കാണാനാവാത്തവിധം ദൂരക്കാഴ്ച കുറഞ്ഞാൽ വാഹനം റോഡിൽനിന്നും സുരക്ഷിത അകലത്തിലേക്കു മാറ്റി നിർത്തിയിട്ട ശേഷം ഹസാർഡ് ലൈറ്റ് ഇടണമെന്നും പൊലീസ് നിർദേശിച്ചു. മ​ഞ്ഞുള്ള സമയത്ത് അബുദാബിയിലെ റോ‍ഡുകളിലെ വേഗപരിധി മണിക്കൂറിൽ 80 കി.മീ ആയി കുറയും. ഖത്തറിലേക്കു വേൾഡ് കപ്പ് കാണാൻ വിവിധ എമിറേറ്റിൽ നിന്നു റോഡ് മാർഗം പോകുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം.

പിഴയും ബ്ലാക്ക് പോയിന്റും

മഞ്ഞുള്ള സമയത്ത് ലോ ബീം ലൈറ്റിടാതെ (ഫോഗ് ലൈറ്റ്) വാഹനമോടിക്കുന്നവർക്കു 500 ദിർഹം പിഴയും നാലു ബ്ലാക്ക് പോയിന്റുമാണു ശിക്ഷ. നിയമം പാലിക്കാത്ത ട്രക്ക്, തൊഴിലാളി ബസ് ഡ്രൈവർമാർക്കു 1000 ദിർഹം പിഴയും നാലു ബ്ലാക്ക് പോയിന്റും ശിക്ഷയുണ്ട്.