Sunday, November 27, 2022
HomeGulfപുതിയ ഇന്‍ഷുറന്‍സിന്റെ ഭാഗമാകാത്ത തൊഴിലാളികള്‍ക്ക് 400 ദിര്‍ഹം പിഴ

പുതിയ ഇന്‍ഷുറന്‍സിന്റെ ഭാഗമാകാത്ത തൊഴിലാളികള്‍ക്ക് 400 ദിര്‍ഹം പിഴ

അബുദാബി : യുഎഇയില്‍ പുതിയ ഇൻഷുറൻസ് എടുത്തില്ലെങ്കിൽ തൊഴിലാളികള്‍ക്ക് 400 ദിര്‍ഹം പിഴ ഈടാക്കും. കമ്ബനി പാപ്പരാവുകയോ നിശ്ചലമാവുകയോ ചെയ്താല്‍ ജീവനക്കാര്‍ക്ക് സാമ്ബത്തിക സുരക്ഷിതത്വം നല്‍കുന്ന പദ്ധതിയാണ് പുതിയ തൊഴില്‍ ഇന്‍ഷുറന്‍സ്.

തൊഴിലാളികളുടെ സുരക്ഷ ഉറപ്പുവരുത്താനാണ് രാജ്യം പുതിയ ഇന്‍ഷുറന്‍സ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്.ഇതില്‍ ഭാഗമാകാത്തവര്‍ക്കാണ് പിഴയെന്ന് തൊഴില്‍ പരാതി വകുപ്പ് അറിയിച്ചു. തവണകളായി ഇന്‍ഷൂറന്‍സ് തുക നല്‍കുന്ന ജീവനക്കാര്‍ 3 മാസത്തിലധികം തുക കുടിശികയാക്കിയാല്‍ 200 ദിര്‍ഹം അധികം നല്‍കേണ്ടി വരും. ജീവനക്കാര്‍ക്ക് ജോലി പോയാല്‍ സാമ്ബത്തിക ബാധ്യത ഉണ്ടാകാതിരിക്കാനാണ് ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കിയത്. തൊഴിലാളിയുടെ പരിധിയില്‍ പെടാത്ത കാര്യങ്ങളാല്‍ ജോലി നഷ്ടപ്പെടുന്ന സാഹചര്യത്തില്‍ ഇന്‍ഷുറന്‍സ് പ്രയോജനപ്പെടും.

സുരക്ഷാ പദ്ധതിയുടെ ഭാഗമാകുന്നവര്‍ക്ക് കമ്ബനി പ്രതിസന്ധി നേരിടുമ്ബോള്‍ സേവനാനുകൂല്യങ്ങളും മടക്കയാത്രാ വിമാന ടിക്കറ്റും ഉറപ്പാക്കാന്‍ ഇന്‍ഷുറന്‍സിലൂടെ സാധിക്കും. സ്വകാര്യ മേഖലയില്‍ മാത്രമല്ല ഫെഡറല്‍ സര്‍ക്കാര്‍ ജീവനക്കാരെ ഉള്‍പ്പെടെ സ്വദേശി, വിദേശി ഭേദമില്ലാതെ എല്ലാവരെയും ഇന്‍ഷുറന്‍സിന്റെ പരിധിയിലാക്കി. രാജ്യത്തെ 9 ദേശീയ ഇന്‍ഷുറന്‍സ് കമ്ബനികളുമായി മന്ത്രാലയം പുതിയ ഇന്‍ഷുറന്‍സ് സംബന്ധിച്ച്‌ ധാരണയായി. ഈ സ്ഥാപനങ്ങള്‍ തൊഴിലാളികള്‍ക്ക് ഇന്‍ഷുറന്‍സ് പാക്കേജ് രേഖകള്‍ ജനുവരി മുതല്‍ നല്‍കും. 12 മാസത്തിനു ശേഷമാണ് ആനുകൂല്യങ്ങള്‍ക്ക് അര്‍ഹത.

മന്ത്രാലയ വെബ് സൈറ്റ്, ഇന്‍ഷുറന്‍സ് സ്ഥാപനങ്ങളുടെ മൊബൈല്‍ ആപ്, രാജ്യത്തെ ധനവിനിമയ സ്ഥാപനങ്ങളുടെ സ്മാര്‍ട്ട് സംവിധാനം, മണി എക്സ്ചേഞ്ചുകള്‍, സ്വയം സേവന സംവിധാനങ്ങള്‍, ബിസിനസ് വെബ് സൈറ്റുകള്‍, ഇത്തിസലാത്ത്, ഡൂ കേന്ദ്രങ്ങള്‍ എന്നിവയ്‌ക്ക് പുറമെ മന്ത്രാലയത്തിലേക്ക് മൊബൈല്‍ സന്ദേശം അയച്ചും ഇന്‍ഷുറന്‍സ് പദ്ധതിയുടെ ഭാഗമാകാം. പ്രതിമാസം, മൂന്നു മാസം, ആറു മാസം, ഒരു വര്‍ഷം എന്നിങ്ങനെ തവണ വ്യവസ്ഥകള്‍ തിരഞ്ഞെടുക്കാന്‍ അപേക്ഷകര്‍ക്ക് സാധിക്കും.

Most Popular