യുഎഇയില്‍ നിന്ന് കേരളത്തിലേക്കുള്ള വിമാന ടികറ്റ് നിരക്ക് കുറഞ്ഞു

അബുദാബി: യുഎഇയില്‍ നിന്ന് കേരളത്തിലേക്കുള്ള വിമാന ടികറ്റ് നിരക്ക് കുറഞ്ഞു. ഓരോ എയര്‍ലൈനുകളിലും നിരക്കില്‍ നേരിയ ഏറ്റക്കുറച്ചിലുണ്ട്. ഡിസംബര്‍ ആദ്യ വാരം മുതല്‍ ഈ മാസം 15 വരെ ശരാശരി 35,000 രൂപ വരെ ഉണ്ടായിരുന്നത് വ്യാഴാഴ്ച മുതല്‍ 12,500 രൂപയായി. വ്യാഴാഴ്ച ദുബൈയില്‍ നിന്ന് കൊച്ചിയിലേക്കു വണ്‍വേക്ക് 12,500 രൂപയാണ് ശരാശരി നിരക്ക്.

നാലംഗ കുടുംബത്തിന് നാട്ടിലേക്കു പോകാന്‍ 50,000 രൂപയാകും. യാത്ര 25നു ശേഷമാണെങ്കില്‍ 8000 രൂപയ്ക്ക് വണ്‍വേ ടികറ്റ് ലഭിക്കും. നാലംഗ കുടുംബത്തിന് നാട്ടിലെത്താന്‍ 32,000 രൂപ മതിയാകും. യാത്ര അബൂദബി വഴിയാണെങ്കില്‍ നിരക്ക് കൂടുകയും ശാര്‍ജ വഴിയാണെങ്കില്‍ അല്‍പം കുറയുകയും ചെയ്യും.

എന്നാല്‍ തിരിച്ചുവരണമെങ്കില്‍ രണ്ടും മൂന്നും ഇരട്ടി തുക നല്‍കണം. യുഎഇയിലേക്കുള്ള യാത്ര 25നു ശേഷമാണെങ്കില്‍ വണ്‍വേ നിരക്ക് ശരാശരി 15,000 രൂപയായി കുറയും. തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂര്‍ വിമാനത്താവളങ്ങള്‍ വഴി യുഎഇയിലേക്കു വരുന്നതിനും നിരക്കില്‍ അല്‍പം കൂടുതല്‍ നല്‍കേണ്ടിവരും.