Thursday, December 8, 2022
HomeGulfയുഎഇ വിസ സംവിധാനം ; പുതിയ മാറ്റങ്ങൾ നാളെ മുതൽ

യുഎഇ വിസ സംവിധാനം ; പുതിയ മാറ്റങ്ങൾ നാളെ മുതൽ

അബുദാബി: യുഎഇയിലെ വിസാ സംവിധാനത്തിലെ പുതിയ മാറ്റങ്ങള്‍ ഒക്ടോബര്‍ മൂന്ന് മുതല്‍ പ്രാബല്യത്തില്‍. നിലവിലുള്ള വിസ രീതികള്‍ കുടുതല്‍ ലളിതമാക്കുകയാണ് പതിയ സംവിധാനത്തിലൂടെ ചെയ്യുന്നത്. ഒപ്പം പ്രവാസികള്‍ക്ക് രാജ്യത്തേക്കുള്ള പ്രവേശനവും താമസവും കൂടുതല്‍ എളുപ്പമായി മാറുമെന്നാണ് കണക്കുകൂട്ടൽ.

എല്ലാം വിസിറ്റ് വിസകളും സിംഗിള്‍, മള്‍ട്ടിപ്പിള്‍ എന്‍ട്രി സൗകര്യങ്ങളോടെ ലഭ്യമാണ്. നേരത്തെ 30 ദിവസത്തേക്കായിരുന്നു സന്ദര്‍ശക വിസകളെങ്കില്‍ ഇനി 60 ദിവസം വരെ ഇത്തരം വിസകളില്‍ രാജ്യത്ത് താമസിക്കാം. വിസ അനുവദിക്കുന്ന അതേ കാലയളവിലേക്ക് അവ ദീര്‍ഘിപ്പിക്കുകയും ചെയ്യാം.

തൊഴില്‍ അന്വേഷിക്കാനായി, സ്‍പോണ്‍സറുടെ ആവശ്യമില്ലാത്ത പ്രത്യേക വിസകള്‍ അനുവദിക്കും. വിസയുടെ കാലാവധി കഴിഞ്ഞാല്‍ നേരത്തെ 30 ദിവസത്തിനകം രാജ്യം വിടണമെന്നായിരുന്നു വ്യവസ്ഥയെങ്കില്‍ പുതിയ മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വരുന്നതോടെ രാജ്യം വിടാന്‍ ആറ് മാസത്തെ ഗ്രേസ് പീരിഡ് ലഭിക്കും.

രാജ്യത്ത് സന്ദര്‍ശകനായെത്തുന്ന ഒരാള്‍ക്ക് തന്റെ ബന്ധുവോ സുഹൃത്തോ ആയി ഒരു യുഎഇ പൗരനോ അല്ലെങ്കില്‍ യുഎഇയിലെ സ്ഥിരതാമസക്കാരനോ ഉണ്ടെങ്കില്‍ എന്‍ട്രി പെര്‍മിറ്റിന് അപേക്ഷിക്കാം. ഇതിനും സ്‍പോണ്‍സര്‍ ആവശ്യമില്ല.

അഞ്ച് വര്‍ഷം കാലാവധിയുള്ള മള്‍ട്ടി എന്‍ട്രി ടൂറിസ്റ്റ് വിസകള്‍ക്കും സ്‍പോണ്‍സര്‍ ആവശ്യമില്ല. രാജ്യത്ത് 90 ദിവസം വരെ തുടര്‍ച്ചയായി താമസിക്കാന്‍ അനുമതിയുണ്ടാകും. ഇത് ആവശ്യമെങ്കില്‍ പിന്നീട് 90 ദിവസത്തേക്ക് കൂടി നീട്ടുകയും ചെയ്യാം.

ആണ്‍ മക്കളെ 25 വയസ് വരെ സ്വന്തം സ്‍പോണ്‍സര്‍ഷിപ്പില്‍ പ്രവാസികള്‍ക്ക് കൂടെ താമസിപ്പിക്കാം. നേരത്തെ ഈ പ്രായ പരിധി 18 വയസായിരുന്നു. കൂടുതല്‍ വിഭാഗങ്ങളിലുള്ളവരെക്കൂടി ഉള്‍പ്പെടുത്തുന്ന തരത്തില്‍ ഗോള്‍ഡന്‍ വിസാ സംവിധാനത്തിലും മാറ്റം വരുത്തിയിട്ടുണ്ട്.

ഗോള്‍ഡന്‍ വിസ ലഭിക്കാന്‍ ആവശ്യമായിരുന്ന മിനിമം മാസ ശമ്പളം 50,000 ദിര്‍ഹത്തില്‍ നിന്ന് 30,000 ദിര്‍ഹമാക്കി കുറച്ചിട്ടുണ്ട്.

Most Popular