Thursday, August 11, 2022
HomeGulfയുഎഇയില്‍ കനത്ത മഴ: ജാഗ്രതാ നിർദേശവുമായി അധികൃതർ

യുഎഇയില്‍ കനത്ത മഴ: ജാഗ്രതാ നിർദേശവുമായി അധികൃതർ

ദുബായ്: യുഎഇയുടെ വിവിധ പ്രദേശങ്ങളില്‍ കനത്ത മഴ. ഫുജൈറയിലും റാസൽഖൈമയിലും റോഡുകളും താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിൽ മുങ്ങി. കനത്ത മഴയെത്തുടർന്ന് റാസൽഖൈമയിലെയും മറ്റും ടൂറിസ്​റ്റ്​ കേന്ദ്രങ്ങൾ തൽക്കാലം അടച്ചിടും.

ഫുജൈറ, ഉമ്മുൽഖുവൈൻ, ദുബൈയിലെ ഹത്ത, ഖോർഫക്കാൻ, കൽബ, റാസൽഖൈമ, ഷാർജയുടെയും അബൂദബിയിലെയും ചില ഭാഗങ്ങൾ എന്നിവിടങ്ങളിലാണ്​ കടുത്ത ചൂടിന്​ ശമനമായി മഴ ലഭിച്ചത്​. ചിലയിടങ്ങളിൽ ശക്തമായ കാറ്റും വീശിയടിച്ചു.

കനത്ത മഴ തുടരുന്ന പ്രദേശത്തുള്ളവര്‍ വീട്ടില്‍ തന്നെ തുടരണമെന്നും അത്യാവശ്യമെങ്കില്‍ മാത്രമേ പുറത്തിറങ്ങാവൂ എന്നും മന്ത്രാലയം അഭ്യര്‍ത്ഥിച്ചു.

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂം ദുരന്ത മേഖലയില്‍ അടിയന്തര സഹായം എത്തിക്കുന്നതിന് ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഷാര്‍ജ, റാസല്‍ഖൈമ, ഫുജൈറ എന്നിവിടങ്ങളിലെ എല്ലാ ഫെഡറല്‍ വകുപ്പുകളോടും വ്യാഴം വെള്ളി ദിവസങ്ങളില്‍ അത്യാവശ്യമല്ലാത്ത ജീവനക്കാര്‍ക്ക് വീട്ടിലിരുന്ന് ജോലി ചെയ്യുന്നതിന് അനുമതി നല്‍കാന്‍ യുഎഇ ക്യാബിനറ്റ് നിര്‍ദ്ദേശം നല്‍കി.

പകല്‍സമയത്ത് ബീച്ചുകളിലും മറ്റും പോകുന്നത് ഒഴിവാക്കണമെന്ന് അധികൃതര്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

അടുത്ത നാലുദിവസം അസ്ഥിര കാലാവസ്ഥ തുടരുമെന്ന്​ കഴിഞ്ഞ ദിവസം ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു. രാജ്യമെമ്പാടും ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുമുണ്ട്​.

Most Popular