അബുദാബി: യുഎഇ പ്രവാസികൾക്ക് തിരിച്ചടിയായി വിമാന ടിക്കറ്റ് നിരക്കിലെ വർദ്ധനവ്. യുഎഇയില്‍ നിന്ന് കേരളത്തിലേക്കുള്ള വിമാന നിരക്കില്‍ വൻ വർധനവാണ് രേഖപ്പെടുത്തുന്നത്. ഏപ്രില്‍, മേയ് മാസങ്ങളില്‍ വേനല്‍ അവധിക്കാലമായതാണ് കാരണം.
വിദ്യാലയങ്ങള്‍ക്ക് അവധിയായതിനാല്‍ കുടുംബങ്ങളെ വിസിറ്റ് വിസയില്‍ യു.എ.ഇയിലേക്കു കൊണ്ടുവരുന്നതിനാല്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. കൂടാതെ വിസിറ്റ് വിസ പുതുക്കണമെങ്കില്‍ യു.എ.ഇക്ക് പുറത്തുപോയി തിരികെ വരണം എന്ന നിബന്ധന പ്രാബല്യത്തിലായതിനാല്‍ പലരും വിസിറ്റ് വിസ പുതുക്കാന്‍ നാട്ടിലേക്ക് തിരിക്കുകയാണ്. ഇതും തിരക്ക് വര്‍ധിക്കാന്‍ ഒരു കാരണമാണ്.
മാര്‍ച്ച് അവസാനവും ഏപ്രില്‍ ആദ്യത്തിലും കേരളത്തില്‍നിന്നും യു.എ.ഇയിലേക്കും ഏറ്റവും കുറഞ്ഞ നിരക്ക് 23500 ഇന്ത്യന്‍ രൂപയാണ്. ഏപ്രില്‍ ഒന്നിന് കോഴിക്കോട്ടു നിന്ന് ദുബായിലേക്ക് 26000 രൂപയാണ് ഏറ്റവും കുറഞ്ഞ നിരക്ക്. കൊച്ചിയില്‍നിന്നും കണ്ണൂരില്‍നിന്നും 30000 രൂപക്ക് മുകളില്‍ വരും. മൂന്നും നാലും അംഗങ്ങളുള്ള കുടുംബത്തിന് ഇത് വലിയ ബാധ്യതയാണ് വരുത്തിവെക്കുക. അവധിക്ക് നാട്ടില്‍പോയി വരുന്ന പ്രവാസികളെയും ജോലി അന്വേഷിച്ചുവരുന്നവരെയും അടിയന്തര ആവശ്യങ്ങള്‍ക്ക് നാട്ടില്‍ പോയിവരേണ്ടവരെയും ഉയര്‍ന്ന നിരക്ക് കാര്യമായി ബാധിക്കും.