അജ്ഞാത ഡ്രോണുകള്‍; ഷാര്‍ജയില്‍ വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു

ഷാര്‍ജ: അജ്ഞാത ഡ്രോണുകള്‍ ശ്രദ്ധയില്‍പ്പെട്ടതിന് തുടര്‍ന്ന് ഷാര്‍ജ വിമാനത്താവളത്തില്‍ നിന്നുള്ള ഏതാനും വിമാനങ്ങള്‍ വഴിതിരിച്ചു വിട്ടു. ഇന്ന് രാവിലെയാണ് വിമാനത്താവളത്തിന്റെ പരിസരത്ത് ഡ്രോണുകളുടെ സാന്നിധ്യം ശ്രദ്ധയില്‍പ്പെട്ടത്. ഇതേ തുടര്‍ന്ന് രാവിലെ 7 നും 9 നുമിടയില്‍ ഷാര്‍ജയില്‍ ഇറങ്ങേണ്ടിയിരുന്ന എയര്‍ അറേബ്യയുടെ ആറ് വിമാനങ്ങള്‍ റാസല്‍ഖൈമയിലേക്ക് വഴിതിരിച്ചു വിടുകയായിരുന്നു.

യാത്രക്കാരെ വിവരം അറിയിച്ചതിനു ശേഷമാണ് പൈലറ്റ് വിമാനം റാസല്‍ഖൈമയിലേക്ക് ഗതി മാറ്റിയത്. ഷാര്‍ജ വിമാനത്താവളത്തിന്റെ വ്യോമപരിധിയില്‍ ഡ്രോണ്‍ ശ്രദ്ധയില്‍ പെട്ടതായി വിമാനത്തിലെ പൈലറ്റ് യാത്രക്കാരെ അറിയിച്ചിരുന്നതായി വിമാനത്തിലുണ്ടായിരുന്ന ഒരു യാത്രക്കാരി ട്വീറ്റ് ചെയ്തു. ഡ്രോണ്‍ സാന്നിധ്യം ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ സപ്തംബറില്‍ ദുബയ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം അല്‍പ സമയത്തേക്ക് നിര്‍ത്തിവെച്ചിരുന്നു.