ആകാശം നിറഞ്ഞ് ചതുര്‍ വര്‍ണം; ലോക റെക്കോഡിട്ട് യുഎഇ പതാക(വീഡിയോ)

ദോഹ: ആകാശം നിറഞ്ഞ് പറന്ന 144 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള യുഎഇ പതാക ലോക റെക്കോഡിട്ടു. ആകാശത്ത് നിന്ന് താഴേക്കു ചാടി പറത്തിയ ലോകത്തെ ഏറ്റവും വലിയ പതാക എന്ന റെക്കോഡാണ് യുഎഇ സ്വന്തമാക്കിയത്.

യുഎഇയുടെ 48ാം ദേശീയ ദിനത്തോടനുബന്ധിച്ച് ദുബയ് കിരീടാവകാശി ശെയ്ഖ് ഹംദാന്‍ ബിന്‍ റാഷിദ് അല്‍ മക്തൂം ഇതിന്റെ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു. ”144.28 ചതുരശ്രമീറ്റര്‍ വലുപ്പമുള്ള പതാക ഫ്രീ ഫാളില്‍(ആകാശത്ത് വിമാനത്തില്‍ നിന്ന് താഴേക്ക് ചാടുക) പറത്തി രാജ്യത്തിന്റെ ദേശീയ പതാക പുതിയ റെക്കോഡിട്ടിരിക്കുന്നു. രാജ്യത്തിന് മറ്റൊരു അഭിമാന നിമിഷം കൂടി. ദേശീയ ദിന സന്തോഷം”- ശെയ്ഖ് ഹംദാന്‍ വീഡിയോയോടൊപ്പം കുറിച്ചു.

ആകാശത്ത് അഞ്ച് സ്‌കൈഡൈവര്‍മാര്‍ ചേര്‍ന്ന് കൂറ്റന്‍ പതാക പറത്തുന്ന ദൃശ്യമാണ് 41 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ഉള്ളത്. വേറെ രണ്ടു പേര്‍ പതാകയ്ക്ക് ചുറ്റും കറങ്ങി യുഎഇ പതാകയിലെ പ്രധാന വര്‍ണങ്ങളായി ചുവപ്പും പച്ചയും പുക പുറത്തുവിടുന്നുമുണ്ട്.

വീഡിയോ ഇതിനകം സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.