ട്വന്റി20 ലോക കപ്പില്‍ ഇന്ത്യയും പാകിസ്താനും ഒരേ ഗ്രൂപ്പില്‍; യോഗ്യതാ മല്‍സരങ്ങള്‍ മസ്‌കത്തില്‍ നടക്കും

twenty20 world cup cricket

ദുബൈ: ട്വന്റി20 ലോകകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ചിരവൈരികളായ ഇന്ത്യയും പാകിസ്താനും ഒരേ ഗ്രൂപ്പില്‍. 12 ടീമുകള്‍ ഉള്‍പ്പെട്ട ഗ്രൂപ്പ് പട്ടിക ഐസിസി പ്രഖ്യാപിച്ചു. ഒക്ടോബര്‍ 14 മുതല്‍ നവംബര്‍ 17 വരെയാണ് ലോകകപ്പ് സംഘടിപ്പിക്കുന്നത്. ആവേശകരമായ ഇന്ത്യ പാക് മല്‍സരങ്ങള്‍ ടൂര്‍ണമെന്റിന്റെ തുടക്കത്തില്‍ തന്നെ കാണാനാവുമെന്ന് വ്യക്തമാക്കിയാണ് ഐസിസി സൂപ്പര്‍ 12 പട്ടിക പ്രഖ്യാപിച്ചത്.

ഇന്ത്യ, പാകിസ്താന്‍, ന്യൂസിലാന്‍ഡ്, അഫ്ഗാനിസ്താന്‍ എന്നിവരാണ് ഗ്രൂപ്പ് രണ്ടിലുള്ളത്. നിലവിലെ ചാംപ്യന്‍മാരായ വെസ്റ്റ് ഇന്‍ഡീസ്, ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ആസ്‌ത്രേലിയ എന്നിവരുള്‍പ്പെട്ട ഗ്രൂപ്പ് ഒന്ന് അക്ഷരാര്‍ത്ഥത്തില്‍ മരണ ഗ്രൂപ്പായി മാറി.

ശ്രീലങ്ക, ബംഗ്‌ളാദേശ്, ഒമാന്‍, അയര്‍ലന്‍ഡ്, നമീബിയ, സ്‌കോട്ലന്‍ഡ്, നെതര്‍ലന്‍ഡ്, പാപുവ ന്യൂ ഗിനി ഏന്നീ ടീമുകളില്‍ നിന്നും നാല് ടീമുകള്‍ യോഗ്യതാമല്‍സരങ്ങളിലൂടെ രണ്ടു ഗ്രൂപ്പുകളിലായി ഇടംനേടും. യോഗ്യതാ മല്‍സരങ്ങള്‍ കൂടുതലും മസ്‌ക്കത്തിലെ സ്റ്റേഡിയത്തിലായിരിക്കും സംഘടിപ്പിക്കുന്നത്. ഫൈനല്‍ അടക്കമുള്ള മല്‍സരങ്ങള്‍ക്ക് യുഎഇ വേദിയാകും.

അതേസമയം, കോവിഡ് പശ്ചാത്തലത്തില്‍ സ്റ്റേഡിയങ്ങളിലേക്ക് കാണികളെ പ്രവേശിപ്പിക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. വാക്‌സിന്‍ സ്വീകരിച്ചവര്‍ മാത്രമായി പരിമിതപ്പെടുത്തുമെന്നാണ് സൂചന.
ALSO WATCH