ദുബയ്: സീറ്റിലിരുന്ന് ഒരു ചായ കുടിച്ച് പത്രമൊന്ന് നിവര്‍ത്തുമ്പോഴേക്കും അബൂദബിയിലെത്താം. കൃത്യമായി പറഞ്ഞാല്‍ 12 മിനിറ്റ്. ഇത് കെട്ടുകഥയല്ല, പറഞ്ഞുവരുന്നത് അമേരിക്കന്‍ കമ്പനിയായ വിര്‍ജിന്റെ ഹൈപര്‍ ലൂപ് വണ്‍ എന്ന ആധുനിക യാത്രാ സംവിധാനത്തെക്കുറിച്ചാണ്.
160 കിലോ മീറ്ററാണു ദുബയില്‍നിന്ന് അബുദാബിയിലേക്കുള്ള റോഡ് ദൂരം. ഇത്രയും ദൂരം താണ്ടാന്‍ വേണ്ടത് ഒന്നേ മുക്കാല്‍ മണിക്കൂര്‍. ഈ യാത്രയാണു ഹൈപര്‍ ലൂപ് 12 മിനിറ്റിലേക്കു ചുരുക്കുന്നത്. ഹൈപര്‍ ലൂപ് പോഡിന്റെ മാതൃക ഇപ്പോള്‍ നടന്നുവരുന്ന ദുബയ് മോട്ടോര്‍ ഷോയില്‍ പ്രദര്‍ശിപ്പിച്ചിരിക്കുകയാണു വിര്‍ജിന്‍ കമ്പനി.
തൂണുകളില്‍ സ്ഥാപിച്ച ട്യൂബുകളിലൂടെയാണു ഹൈപര്‍ ലൂപ് എന്ന അടുത്ത തലമുറാ യാത്രാ സംവിധാനത്തിന്റെ കുതിപ്പ്. മണിക്കൂറില്‍ ആയിരം കിലോ മീറ്ററാണു ഹൈപര്‍ ലൂപ് പോഡുകളുടെ വേഗമെന്നാണു വിര്‍ജിന്‍ കമ്പനി അവകാശപ്പെടുന്നത്. ഇതു യാത്രാവിമാനങ്ങളുടെ വേഗത്തിനേക്കാള്‍ 5-10 ഇരട്ടിയാണ്.
”പൂര്‍ണാര്‍ഥത്തിലുള്ള പോഡുകള്‍ ലാസ് വേഗാസില്‍ 400-500 തവണ പരീക്ഷണയോട്ടത്തിനു വിധേയമാക്കി. ഇനി യഥാര്‍ഥ യാത്രാ പദ്ധതിക്കുവേണ്ടിയുള്ള സാങ്കേതിക രൂപകല്‍പ്പനയിലേക്കു കടക്കുകയാണു ഞങ്ങള്‍,” വിര്‍ജിന്‍ ഹൈപര്‍ ലൂപ് വണ്ണിന്റെ മിഡില്‍ ഈസ്റ്റ് ആന്‍ഡ് ഇന്ത്യ മാനേജിങ് ഡയരക്ടര്‍ ഹര്‍ജ് ധലിവാളിനെ ഉദ്ധരിച്ച് ഗള്‍ഫ് ന്യൂസ് റിപോര്‍ട്ട് ചെയ്തു.
നിലവില്‍ ലോകത്ത് മൂന്നിടങ്ങളിലാണു വിര്‍ജിന്‍ കമ്പനി ഹൈപര്‍ ലൂപ് പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. ദുബയ്-അബൂദബി, മുംബൈ-പൂനെ, ലോസ് ആഞ്ചല്‍സ്-ലാസ് വേഗാസ് എന്നിവയാണ് ഈ റൂട്ടുകള്‍. ഇന്ത്യയില്‍ മുംബൈ-പൂനെ പദ്ധതിയുടെ ആദ്യഘട്ടമായ 12 കിലോ മീറ്ററിന്റെ നിര്‍മാണം അടുത്തവര്‍ഷം അവസാനത്തോടെ ആരംഭിക്കും.