പരീക്ഷാ പേടി കാരണം വീടുവിട്ട മലയാളി ബാലനെ തേടി രക്ഷിതാക്കള്‍

ഷാര്‍ജ: പരീക്ഷാഭയം കാരണം വീടുവിട്ട മലയാളി വിദ്യാര്‍ഥിയെ കണ്ടെത്താന്‍ സഹായിക്കണമെന്ന് രക്ഷിതാക്കളുടെ അപേക്ഷ. ഷാര്‍ജ ഡിപിഎസ് സ്‌കൂളിലെ പത്താം ക്ലാസ്സ് വിദ്യാര്‍ഥി അമേയ സന്തോഷിനെയാണ് കാണാതായത്. വെള്ളിയാഴ്ച രാവിലെ ട്യൂഷന്‍ ക്ലാസ്സിന് പോയ അമേയ പിന്നീട് മടങ്ങിവന്നില്ല.

ഉച്ചക്ക് 12 മണിയോടെ ക്ലാസ്സ് കഴിഞ്ഞതായി അധ്യാപകന്‍ അറിയിച്ചിരുന്നു. എന്നാല്‍, അമേയ ക്ലാസ്സിലെത്തിയിരുന്നില്ല. തുടര്‍ന്ന് സിസിടിവി പരിശോധിച്ചപ്പോള്‍ അമേയ കെട്ടിടത്തിനകത്തേക്ക് പ്രവേശിച്ചിട്ടില്ലെന്ന് വ്യക്തമായി.

15 കാരനായ അമേയക്ക് പരീക്ഷപ്പേടിയുണ്ടായിരുന്നതായി രക്ഷിതാക്കള്‍ പറഞ്ഞു. പ്രീ ഫൈനല്‍ പരീക്ഷ നടക്കുകയാണ്. സയന്‍സ് പരീക്ഷ എഴുതാതിരിക്കാന്‍ അമേയ മാറിനില്‍ക്കുകയാണ് എന്നാണ് അമ്മ കരുതുന്നത്. കുട്ടിയെ കണ്ടുപിടിക്കാന്‍ സഹായിക്കണമെന്ന് അവര്‍ അഭ്യര്‍ഥിച്ചു.