ബാങ്ക് ജീവനക്കാരെന്ന വ്യാജേന വിവരങ്ങള്‍ ചോര്‍ത്തി പണം തട്ടുന്ന സംഘം പിടിയില്‍

ദുബയ്: ബാങ്ക് ഉദ്യോഗസ്ഥരെന്ന് വിശ്വസിപ്പിച്ച് ഉപഭോക്താക്കളില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്തി തട്ടിപ്പ് നടത്തുന്ന സംഘം പിടിയില്‍. ദുബയ്, അബൂദബി, അജ്മാന്‍ എന്നിവിടങ്ങളില്‍ തട്ടിപ്പ് നടത്തിയ 29 പേരെയാണ് പോലിസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവരില്‍ വിവിധ രാജ്യക്കാര്‍ ഉള്‍പ്പെടുന്നുവെന്ന് അബൂദബി പോലിസ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വകുപ്പ് മേധാവി ബ്രിഗേഡിയര്‍ ജനറല്‍ ഇംറാന്‍ അല്‍ മസ്‌റൂഹി അറിയിച്ചു. 25 പേരെ അജ്മാനില്‍ നിന്നും നാലുപേരെ ദുബയില്‍ നിന്നുമാണ് പിടികൂടിയത്.

ബാങ്ക് ഇടപാടുകാരെ ഫോണില്‍ വിളിച്ച് അക്കൗണ്ട് മരവിപ്പിച്ചിരിക്കുകയാണെന്നും വീണ്ടെടുക്കാന്‍ വ്യക്തിഗത വിവരങ്ങളും എടിഎം കാര്‍ഡും ആവശ്യപ്പെടുകയാണ് സംഘത്തിന്റെ രീതി. എന്നാല്‍, ഇടപാടുകാരുടെ ഫോണ്‍ നമ്പറുകള്‍ എങ്ങനെയാണ് സംഘത്തിന് ലഭിച്ചതെന്നും എത്രപേരാണ് തട്ടിപ്പിനിരയായതെന്നും സംബന്ധിച്ച വിവരങ്ങള്‍ പോലിസ് വെളിപ്പെടുത്തിയിട്ടില്ല.

ബാങ്കുകളില്‍ നിന്ന് ഇടപാടുകാരെ വിളിച്ച് വ്യക്തിഗത വിവരങ്ങളോ ഒടിപി നമ്പര്‍ ഉള്‍പ്പെടെയുള്ളവയോ ഒരിക്കലും ആവശ്യപ്പെടില്ലെന്നും ഇടപാടുകാര്‍ ഇത്തരം തട്ടിപ്പുകളില്‍ കുടുങ്ങരുതെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കി. ഇത്തരം കാളുകളോ സന്ദേശങ്ങളോ ലഭിക്കുന്ന പക്ഷം 8002626 എന്ന നമ്പറില്‍ വിളിച്ച് അറിയിക്കണമെന്നും പൊലീസ് നിര്‍ദേശിച്ചു. ആഗസ്റ്റ് മാസത്തില്‍ ഇതേവിധത്തില്‍ തട്ടിപ്പ് നടത്തിയ 25ഓളം പ്രതികളെ ഷാര്‍ജ, അജ്മാന്‍ എമിറേറ്റുകളില്‍ നിന്ന് പിടികൂടിയിരുന്നു. യുഇഇക്ക് പുറമേ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലും സമാനമായ തട്ടിപ്പ് നടക്കാറുണ്ട്.