യുഎഇയില്‍ ഇന്നു മുതല്‍ സിഗരറ്റ് വില കുത്തനെ ഉയരും

ദുബയ്: യുഎഇയില്‍ ഇന്നു മുതല്‍ ഒരു പാക്കറ്റ് സിഗരറ്റിന് എട്ട് ദിര്‍ഹം വര്‍ധിക്കും. ഒരു സിഗരറ്റിന് മിനിമം 40 ഫില്‍സ് തോതില്‍ ഒരു പാക്കറ്റിന് എട്ടു ദിര്‍ഹം വീതം ഇന്നു മുതല്‍ എക്സൈസ് നികുതി ബാധകമായിരിക്കും. അതോടെ ഇന്നു മുതല്‍ പത്തു പാക്കറ്റുകള്‍ അടങ്ങിയ ഒരു കാര്‍ട്ടന്‍ സിഗരറ്റിന് ഉപഭോക്താക്കള്‍ 80 ദിര്‍ഹം അധികം നല്‍കേണ്ടിവരും.

ഇ-സിഗരറ്റിനും മധുരം ചേര്‍ത്ത പാനീയങ്ങള്‍ക്കും ഇന്നു മുതല്‍ എക്സൈസ് ടാക്സ് ബാധകമാക്കുമെന്ന് ഫെഡറല്‍ ടാക്സ് അതോറിറ്റി വ്യക്തമാക്കി. പൊതുജനാരോഗ്യത്തിനും പരിസ്ഥിതിക്കും ഹാനികരമായ ഉല്‍പന്നങ്ങള്‍ക്ക് 2017 ഒക്ടോബര്‍ മുതല്‍ യുഎഇ 50 ശതമാനം മുതല്‍ 100 ശതമാനം വരെ എക്സൈസ് ടാക്സ് ബാധകമാക്കിയിരുന്നു.

പുകയില ഉല്‍പന്നങ്ങള്‍ക്കും ഇലക്ട്രോണിക് പുകവലി ഉപകരണങ്ങളില്‍ ഉപയോഗിക്കുന്ന ദ്രാവകങ്ങള്‍ക്കും ഇലക്ട്രോണിക് പുകവലി ഉപകരണങ്ങള്‍ക്കും എനര്‍ജി ഡ്രിങ്കുകള്‍ക്കും 100 ശതമാനവും ശീതള പാനീയങ്ങള്‍ക്കും മധുരം ചേര്‍ത്ത പാനീയങ്ങള്‍ക്കും 50 ശതമാനവും അധിക നികുതിയാണ് ബാധകം.