ദുബൈ എക്‌സ്‌പോക്ക് ഇനി 100 നാള്‍; കോവിഡിന് പിന്നാലെയുള്ള ലോകത്തെ ഏറ്റവും വലിയ ഒത്തുകൂടലിന് കൗണ്ട്ഡൗണ്‍ തുടങ്ങി

sheikh mohammed uae

ദുബൈ: കോവിഡ് മഹാമാരി ലോകത്തെ പിടിച്ചുലച്ച ശേഷമുള്ള ഏറ്റവും വലിയ ആഗോള ഒത്തുകൂടലാകുമെന്ന് കരുതുന്ന ദുബൈ എക്‌സ്‌പോ 100 നാള്‍ അകലെ. എക്‌സ്‌പോ 2020 ദുബൈയുടെ 100 ദിന കൗണ്ട്ഡൗണ്‍ ദുബൈ ഭരണാധികാരി ശെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ബുധനാഴ്ച്ച പ്രഖ്യാപിച്ചു.

ഒക്ടോബര്‍ 1ന് തുടങ്ങുന്ന ദുബൈ എക്‌സ്‌പോക്ക് ലോകത്തെ വിവിധ രാജ്യങ്ങളില്‍ നിന്നായി 25 ദശലക്ഷം സന്ദര്‍ശകരെത്തുമെന്നാണു പ്രതീക്ഷിക്കുന്നത്. ലോകം കോവിഡാനന്തര സാമ്പത്തിക പുനരുജ്ജീവനത്തിലേക്ക് കടക്കുന്ന വേളയില്‍ സ്വീകരിക്കേണ്ട നവീന സാങ്കേതിക വിദ്യകളുടെയും റിയല്‍ ലൈഫ് സൊലൂഷനുകളുടെയും പ്രദര്‍ശനവേദിയായിരിക്കും ദുബൈ എക്‌സ്‌പോ.

ലോകത്തെ ഏറ്റവും വലിയ സാംസ്‌കാരിക മേളയായ എക്‌സ്‌പോ 2020 ദുബൈയിലേക്ക് 100 ദിനങ്ങള്‍. മഹാമാരിക്കു ശേഷം പുതിയൊരു ഘട്ടത്തിലേക്ക് ലോകത്തെ കൊണ്ടുപോകുന്ന ഈ മേളയില്‍ 192 രാജ്യങ്ങള്‍ അത്തുചേരും- ശെയ്ഖ് മുഹമ്മദ് ട്വീറ്റ് ചെയ്തു.

അമ്പതിനായിരത്തോളം തൊഴിലാളികള്‍ ചേര്‍ന്ന് 192 പവലിയനുകള്‍ ഒരുക്കും. 30,000ഓളം വൊളന്റിയര്‍മാരാണ് അതിഥികളെ സ്വാഗതം ചെയ്യുക. മഹാമാരിയെ അതിജീവിക്കുന്നതിനുള്ള മനുഷ്യ ഐക്യദാര്‍ഢ്യത്തിന്റെ തെളിവായി ദുബൈ എക്‌സ്‌പോ മാറുമെന്ന് ശെയ്ഖ് മുഹമ്മദ് പ്രതീക്ഷ പ്രകടിപ്പിച്ചു.
ALSO WATCH