Wednesday, January 19, 2022
HomeNewsfeedവിസ്മയക്കാഴ്ച്ചകളും കൈനിറയെ സമ്മാനങ്ങളുമായി ദുബൈ ഷോപ്പിങ് ഫെസ്റ്റിവല്‍

വിസ്മയക്കാഴ്ച്ചകളും കൈനിറയെ സമ്മാനങ്ങളുമായി ദുബൈ ഷോപ്പിങ് ഫെസ്റ്റിവല്‍

ദുബൈ: മനംകുളിര്‍പ്പിക്കുന്ന കാഴ്ച്ചകളും കൈനിറയെ സമ്മാനങ്ങളുമായി 27ാമത് ദുബൈ ഷോപ്പിങ് ഫെസ്റ്റിവല്‍ (ഡിഎസ്എഫ്) തുടങ്ങി. വലിയ വിലക്കുറവില്‍ ഷോപ്പിങ്, ലോകത്തിലെ സകല രുചിക്കൂട്ടുകളും നിരന്ന ഭക്ഷ്യമേളകള്‍, വിനോദ-സാഹസിക പരിപാടികള്‍, ഉല്ലാസ യാത്രകള്‍ എന്നിങ്ങനെ അടുത്തമാസം 30 വരെയാണ് ആഘോഷം.

ഉദ്ഘാടനത്തോടനുബന്ധിച്ച് ബുര്‍ജ് പാര്‍ക്കില്‍ വൈവിധ്യമാര്‍ന്ന പരിപാടികള്‍ അരങ്ങേറി. ബുര്‍ജ് ഖലീഫയില്‍ ലൈറ്റ്-ലേസര്‍ ഷോ, ഡൗണ്‍ടൗണില്‍ സ്വദേശി-രാജ്യാന്തര കലാകാരന്മാര്‍ പങ്കെടുത്ത സംഗീത-നൃത്തപരിപാടികള്‍, ഘോഷയാത്ര എന്നിവ സന്ദര്‍ശകര്‍ക്ക് അപൂര്‍വ വിരുന്നായി. ഗ്ലോബല്‍ വില്ലേജ്, ഫെസ്റ്റിവല്‍ സിറ്റി തുടങ്ങിയ പ്രധാന മേഖലകളില്‍ കരിമരുന്നു പ്രയോഗം ഉണ്ടായിരുന്നു.

ആഘോഷം ഏതാനും വേദികളിലൊതുങ്ങുന്നില്ലെന്നാണ് ഡിഎസ്എഫിന്റെ പ്രത്യേകത. ഗ്ലോബല്‍ വില്ലേജ്, പാര്‍ക്കുകള്‍, ക്രീക്, മാളുകള്‍, ഫെസ്റ്റിവല്‍ സിറ്റി, ദ് ബീച്ച്, ബ്ലൂ വാട്ടേഴ്‌സ് ഐലന്‍ഡ് എന്നിവിടങ്ങളിലെല്ലാം ദിവസവും വൈവിധ്യമാര്‍ന്ന പരിപാടികള്‍ ഉണ്ടാകും.
dubai-shopping-festival-2ഇന്ത്യയില്‍ നിന്നടക്കമുള്ള വിഖ്യാത കലാകാരന്മാരും വിവിധ ദിവസങ്ങളില്‍ എത്തും. ദുബായ് ഓപ്പറ, ക്യുഇ2 തിയറ്റര്‍, കോക്കകോള അരീന എന്നിവിടങ്ങളില്‍ നാടകങ്ങള്‍, സംഗീത-നൃത്തപരിപാടികള്‍ എന്നിവ അരങ്ങേറും. ഐഎംജി വേള്‍ഡ് അഡ്വഞ്ചേഴ്‌സ്, ദുബൈ ഫെസ്റ്റിവല്‍ സിറ്റി മാള്‍ എന്നിവിടങ്ങളില്‍ ഫാഷന്‍ മേളയും ഉല്ലാസ പരിപാടികളും ആസ്വദിക്കാം.

അല്‍ ഷിന്ദഗ മ്യൂസിയം, പെര്‍ഫ്യൂം ഹൗസ്, ഹിസ്റ്റോറിക്കല്‍ ഡോക്യുമെന്റ് സെന്റര്‍, ഷറൂഖ് അല്‍ ഹദീദ് ആര്‍ക്കിയോളജിക്കല്‍ മ്യൂസിയം, വാട്ടര്‍ ഫ്രണ്ട് മേഖല എന്നിവിടങ്ങളില്‍ സാംസ്‌കാരിക പരിപാടികളും ഭക്ഷ്യമേളകളുമുണ്ടാകും. പെര്‍ഫ്യൂം ഹൗസില്‍ ഊദ് ഉള്‍പ്പെടെയുള്ള അറേബ്യന്‍ സുഗന്ധലേപനങ്ങള്‍ വാങ്ങാം.

വെടിക്കെട്ടിന്റെ പൂരം
നഗരത്തിലെ പ്രധാന കേന്ദ്രങ്ങളില്‍ പുതുമകള്‍ പെയ്യുന്ന കരിമരുന്നു പ്രയോഗം ആസ്വദിക്കാം. ദുബൈ ഫെസ്റ്റിവല്‍ സിറ്റി, അല്‍ സീഫ്, ദുബൈ ക്രീക്, ദുബൈ ഫെയിം, ലാമെര്‍ എന്നിവിടങ്ങളില്‍ ഇന്നു രാത്രി 8.30നും ഫെസ്റ്റിവല്‍ സിറ്റിയില്‍ 22 വരെ ദിവസവും ഉണ്ടാകും.

ഭാഗ്യവാന്മാരേ ഇതിലേ
ഭാഗ്യശാലികള്‍ക്ക് ആഡംബര വാഹനങ്ങളും സ്വര്‍ണാഭരണങ്ങളും സ്വന്തമാക്കാം. നിസാന്‍ ഗ്രാന്‍ഡ് നറുക്കെടുപ്പില്‍ നിസാന്‍ ക്രിക്‌സ്, നിസാന്‍ പട്രോള്‍, എക്‌സ് ടെറ, എക്‌സ് ട്രെയില്‍ എന്നിവ നേടാന്‍ അവസരമുണ്ട്. തത്സമയ നറുക്കെടുപ്പിലൂടെ 2 ലക്ഷം സമ്മാനങ്ങള്‍ വിതരണം ചെയ്യും. ഇന്‍ഫിനിറ്റി മെഗാ നറുക്കെടുപ്പില്‍ ഇന്‍ഫിനിറ്റി ക്യുഎക്‌സ്80 ആഡംബര വാഹനമാണു ലഭിക്കുക.
dubai-shopping-festival-3ദുബൈ ഗോള്‍ഡ് ആന്‍ഡ് ജ്വല്ലറി ഗ്രൂപ്പ് നറുക്കെടുപ്പില്‍ സ്വര്‍ണനാണയങ്ങളടക്കം കാത്തിരിക്കുന്നു. 500 ദിര്‍ഹത്തിന്റെ ആഭരണം വാങ്ങിയാല്‍ ഭാഗ്യശാലികള്‍ക്ക് കാല്‍ കിലോ സ്വര്‍ണം ലഭിക്കും. ദുബൈ ഷോപ്പിങ് മാള്‍സ് ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന നറുക്കെടുപ്പില്‍ ഓരോ ആഴ്ചയും 10 ലക്ഷം ദിര്‍ഹം ലഭിക്കും.

ബ്ലൂ വാട്ടേഴ്‌സ്, ദ് ബീച്ച്, ലോകത്തിലെ ഏറ്റവും വലിയ വിസ്മയചക്രം ഐന്‍ ദുബായ് എന്നിവിടങ്ങളില്‍ ദിവസവും വൈകിട്ട് 7 മുതല്‍ 9.30 വരെ ഡ്രോണ്‍ ലൈറ്റ് ഷോ കാണാം.

 

Most Popular