ദുബായ്: ദുബായിലെ താമസ സ്ഥലത്ത് നിന്നു രണ്ടു ദിവസം മുമ്പ് കാണാതായ മലയാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. ചൊവ്വാഴ്ച മുതല്‍ ജബല്‍ അലിയിലെ താമസ സ്ഥലത്ത് നിന്നു കാണാതായതായ എറണാകുളം പള്ളുരുത്തി വടക്കേപറമ്പില്‍ സേവ്യറിന്റെ മകന്‍ സുനിലാണ് (45) മരിച്ചത്. ആത്മഹത്യയാണെന്ന് സംശയിക്കുന്നു.
നേരത്തെ 13 വര്‍ഷം ദുബായില്‍ ജോലി ചെയ്തിരുന്ന പെയിന്ററായ സുനില്‍ ജോലി ഉപേക്ഷിച്ച് നാട്ടിലേയ്ക്ക് തിരിച്ചുപോയ ശേഷം 2 മാസം മുമ്പാണ് വീണ്ടും ജോലി അന്വേഷിച്ച് ടൂറിസ്റ്റ് വീസയില്‍ തിരിച്ചെത്തിയത്. നേരത്തെ ഒപ്പം ജോലി ചെയ്തിരുന്നവരുടെ കമ്പനിയില്‍ ജോലി ലഭിച്ച് വീസാ നടപടികള്‍ നടന്നുവരികയായിരുന്നു. സുഹൃത്തുക്കളോടൊപ്പമായിരുന്നു ജബല്‍ അലിയിലെ ഫ്‌ലാറ്റില്‍ താമസിച്ചിരുന്നത്. ചൊവ്വാഴ്ച വൈകിട്ട് ആറിന് പുറത്തിറങ്ങിയ സുനില്‍ തിരിച്ചുവരാത്തതിനെ തുടര്‍ന്ന് പരിസരത്ത് അന്വേഷിച്ചെങ്കിലും കണ്ടെത്തിയില്ല.തുടര്‍ന്ന് ജബല്‍ അലി പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ഇന്ത്യന്‍ കോണ്‍സുലേറ്റിലും ഇവര്‍ പരാതി നല്‍കിയിരുന്നു.