പിഞ്ചുകുഞ്ഞിനെ ടോയ്‌ലറ്റില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി

അബൂദബി: അല്‍ഐനിലെ അല്‍ജഹ്‌ലി പാര്‍ക്കിലുള്ള സ്ത്രീകളുടെ ടോയ്‌ലറ്റില്‍ പിഞ്ചുകുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. അബൂദബി പോലിസാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

ഇതുമായി ബന്ധപ്പെട്ട ദൃശ്യം വ്യാഴാഴ്ച്ച മുതല്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. താന്‍ ടോയ്‌ലറ്റില്‍ പ്രവേശിച്ചപ്പോള്‍ ഒരു കുട്ടിയെ കണ്ടെത്തിയതായി ഒരു സ്വദേശി സ്ത്രീ പറയുന്ന ദൃശ്യമാണ് വീഡിയോയില്‍ ഉള്ളത്. ഒരു തുണിയില്‍ പൊതിഞ്ഞ നിലയിലുള്ള പെണ്‍കുഞ്ഞും പ്രചരിപ്പിക്കപ്പെടുന്ന ദൃശ്യത്തില്‍ ഉണ്ടായിരുന്നു.

കുഞ്ഞിനെ കിട്ടിയ സ്ത്രീ തന്നെയാണ് പോലിസിനെ വിളിച്ച് വിവരമറിയിച്ചത്. കുഞ്ഞിന്റെ രൂപഭാവത്തില്‍ നിന്ന് ഏഷ്യന്‍ വംശജയാണെന്ന് കരുതുന്നതായും അവര്‍ പറഞ്ഞു.

കുഞ്ഞിന്റെ രക്ഷിതാക്കളെ ഇതുവരെ കണ്ടെത്താനായില്ല. പോലിസ് അന്വേഷണം തുടരുകയാണ്. കുഞ്ഞ് ഇപ്പോള്‍ അല്‍ഐനിലെ തൊട്ടടുത്തുള്ള ആശുപത്രിയിലാണ്.