ആയിഷ നീട്ടിയ കൈകള്‍ കണ്ടില്ല; വീട്ടിലെത്തി മുത്തം നല്‍കി സുല്‍ത്താന്‍; കൈയടിച്ച് സോഷ്യല്‍ മീഡിയ (Video)

ദുബയ്: തനിക്ക് നേരെ നീട്ടിയ കൊച്ചുകൈകള്‍ കാണാത്തതിന്റെ പശ്ചാത്താപം സുല്‍ത്താന്‍ തീര്‍ത്തത് വീട്ടിലെത്തി മുത്തം നല്‍കി. ഇതോടെ ആയിഷ മുഹമ്മദ് മുശൈദ് അല്‍ മസ്റൂയി എന്ന അബൂദബി ബാലികയാണ് സോഷ്യല്‍മീഡിയയിലെ താരമായിരിക്കുകയാണ്. താന്‍ ആഗ്രഹിച്ച ഹസ്തദാനത്തിന്റെ ഉടമ വീട്ടിലെത്തി അനുമോദിച്ചതിന്റെ അമ്പരപ്പിലും സന്തോഷത്തിലുമാണ് അവളിപ്പോള്‍.

തിങ്കളാഴ്ച അബൂദബിയിലെത്തിയ സൗദി അറേബ്യന്‍ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനെ പ്രസിഡന്റിന്റെ കൊട്ടാരത്തിലേക്കു സ്വീകരിക്കുന്ന ചടങ്ങിലാണ് ആയിശ അബൂദബി കിരീടാവകാശി ശെയ്ഖ് മുഹമ്മദ് ബിന്‍ സായിദിനു നേരെ ഹസ്തദാനത്തിനായി കൈനീട്ടിയത്. തിരഞ്ഞെടുക്കപ്പെട്ട മറ്റു കുട്ടികള്‍ക്കൊപ്പം പരമ്പരാഗത വസ്ത്രം ധരിച്ച്, യുഎഇയുടെ പതാക പിടിച്ച് അണിനിരന്നതായിരുന്നു ആയിഷ. ഇടതുഭാഗത്തെ വരിയിലായിരുന്നു അവളുണ്ടായിരുന്നത്.

 

ഇടതുഭാഗത്തെ വരിയിലെ കുട്ടികള്‍ക്കു സൗദി കിരീടാവകാശിയും വലതുഭാഗത്തെ വരിയിലെ കുട്ടികള്‍ക്കു ശെയ്ഖ് മുഹമ്മദ് ബിന്‍ സായിദും ചിരിച്ചുകൊണ്ട് കൈകൊടുത്തു വരികയായിരുന്നു. ഇതുകണ്ട ആയിഷ ശെയ്ഖ് മുഹമ്മദ് ബിന്‍ സായിദില്‍നിന്നു ഹസ്തദാനം ലഭിക്കാനായി വലതുഭാഗത്തെ വരിയിലേക്കു പെട്ടെന്നു മാറി.

യുഎഇയുടെ ചെറുപതാക വലതുകൈയില്‍നിന്ന് ഇടതുകൈയിലേക്ക് മാറ്റി, ഓടിവന്ന് വലതുഭാഗത്തെ വരിയുടെ അവസാനമായി ആയിഷ ഇടംപിടിച്ചു. തുടര്‍ന്ന് ശെയ്ഖ് മുഹമ്മദ് ബിന്‍ സായിദിനുനേരെ കൈനീട്ടി. എന്നാല്‍, ഇതു കാണാതെ അദ്ദേഹം ആയിഷയെ കടന്നുപോയി. ആയിഷയുടെ മുഖത്ത് നിരാശ പ്രകടമായത്, യുഎഇ വിദേശകാര്യ മന്ത്രി ശെയ്ഖ് അബ്ദുല്ല ബിന്‍ സായിദ് ഷെയര്‍ ചെയ്ത ചടങ്ങിന്റെ വീഡിയോയില്‍നിന്നു വ്യക്തമായിരുന്നു.

 

സംഭവം അറിഞ്ഞതോടെയാണു യുഎഇ കിരീടാവാശി ആയിഷയുടെ വീട്ടിലെത്തിയത്. യുഎഇയുടെ ദേശീയദിനത്തിലായിരുന്നു സന്ദര്‍ശനം. ആയിഷയ്ക്കും കുടുംബത്തിനുമൊപ്പം അല്‍പ്പസമയം ചെലവഴിച്ച അദ്ദേഹം ഇവര്‍ക്കൊപ്പം ഫൊട്ടോയ്ക്കു പോസ് ചെയ്തു.

‘ആയിഷയെ അനുമോദിക്കാനും കുടുംബത്തെ കാണാനും കഴിഞ്ഞതില്‍ സന്തോഷമുണ്ട്’ എന്ന് സന്ദര്‍ശനത്തിനുശേഷം ശെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് ട്വിറ്ററില്‍ കുറിച്ചു. ആയിഷയോടൊപ്പമുള്ള ചിത്രങ്ങളും അദ്ദേഹം ട്വീറ്റിനൊപ്പം പങ്കുവച്ചു. ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാണ്. ആയിഷയോടൊപ്പം അബൂദബി കിരീടാവകാശിയുടെ കാരുണ്യവും ചര്‍ച്ചയാക്കുകയാണ് സോഷ്യല്‍ മീഡിയ.