അബൂദബിയില്‍ കോവിഡ് നിയന്ത്രണം കര്‍ശനമാക്കുന്നു; പുതിയ നിബന്ധനകള്‍ പ്രാബല്യത്തില്‍

Abu Dhabi entry

അബൂദബി: അബൂദബിയില്‍ നിലവിലുള്ള കോവിഡ് നിയന്ത്രണം(Covid precautionary restrictions) കൂടുതല്‍ കര്‍ശനമാക്കി. ഇനി മുതല്‍ വിവാഹ ചടങ്ങുകള്‍ (wedding ceremonies), മരണാനന്തര ചടങ്ങുകള്‍ (funerals), കുടുംബ സംഗമങ്ങള്‍ (family gatherings) എന്നിവിടങ്ങളില്‍ പരമാവധി 60 പേര്‍ക്കു മാത്രമേ പങ്കെടുക്കാനാവൂ. പുതിയ നിബന്ധനകള്‍ ഡിസംബര്‍ 26 മുതല്‍ പ്രാബല്യത്തില്‍ വന്നു.

ഇന്‍ഡോര്‍ പരിപാടികളില്‍ പങ്കെടുക്കാവുന്ന പരമാവധി ആളുകളുടെ എണ്ണം ഇനി 50ല്‍ കവിയാന്‍ പാടില്ല. ഔട്ട്‌ഡോര്‍ പരിപാടികളിലും ഓപ്പണ്‍ എയര്‍ ആക്ടിവിറ്റികളിലും 150 പേര്‍ക്കായിരിക്കും പ്രവേശനം. വീടുകളിലെ സാമൂഹിക ചടങ്ങുകളില്‍ പരമാവധി 30 പേര്‍ക്ക് പങ്കെടുക്കാമെന്നും അധികൃതര്‍ അറിയിച്ചു.

ചടങ്ങുകളിലെല്ലാം സുരക്ഷാ നിബന്ധനകള്‍ കര്‍ശനമായി പാലിച്ചിരിക്കണം. അല്‍ഹുസ്ന്‍ ആപ്ലിക്കേഷനിലെ ഗ്രീന്‍ പാസ് നിര്‍ബന്ധമാണ്. ഇതിന് പുറമെ 48 മണിക്കൂറിനിടെയുള്ള നെഗറ്റീവ് പിസിആര്‍ പരിശോധനാ ഫലവും വേണം. മാസ്‌ക് ധരിക്കുകയും സദാ സാമൂഹിക അകലം പാലിക്കുകയും വേണമെന്നും അറിയിച്ചിട്ടുണ്ട്. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ പരിശോധനകള്‍ വ്യാപകമാക്കും.