വാക്കുപാലിച്ച് മോഹന്‍ലാല്‍; സിനിമാ വാഗ്ദാനത്തില്‍ ആവേശത്തോടെ അബൂദബിയിലെ നഴ്‌സുമാര്‍

mohanlal-interaction-with-uae-nurses

അബൂദബി: കഴിഞ്ഞ വര്‍ഷം കോവിഡ് സമയത്ത് നല്‍കിയ വാക്കു പാലിച്ച് നടന്‍ മോഹന്‍ലാല്‍ അബൂദബിയില്‍ നഴ്‌സുമാരെ കാണാനെത്തി. മലയാളി ആരോഗ്യ പ്രവര്‍ത്തകരുടെ നിസ്വാര്‍ഥ സേവനം വിളിച്ചോതുന്ന വിധം ആശുപത്രി പശ്ചാത്തലമാക്കി സിനിമ നിര്‍മിക്കുമെന്ന മോഹന്‍ലാലിന്റെ വാഗ്ദാനം നഴ്‌സുമാര്‍ നിറഞ്ഞ കൈയടിയോടെയാണ് സ്വീകരിച്ചത്. അബൂദബി ബുര്‍ജീല്‍ ആശുപത്രി ഒരുക്കിയ മുഖാമുഖം പരിപാടിയില്‍ മലയാളി നഴ്‌സുമാരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

കോവിഡ് വ്യാപനത്തിന്റെ ആദ്യഘട്ടത്തില്‍ രാജ്യാന്തര നഴ്‌സിങ് ദിനമായ മേയ് 12ന് മോഹന്‍ലാല്‍ ഡോ.ഷംസീര്‍ വയലിലിന്റെ ഉടമസ്ഥതയിലുള്ള അബൂദബി ബുര്‍ജീല്‍ ആശുപത്രിയിലെ നഴ്‌സുമാരെയടക്കം ഫോണ്‍ വിളിച്ച് സംസാരിച്ചിരുന്നു. ഇനി യുഎഇയില്‍ സന്ദര്‍ശനം നടത്തുമ്പോള്‍ നേരിട്ട് കാണാമെന്ന് വാഗ്ദാനം നല്‍കുകുയം ചെയ്തിരുന്നു. ഇതിന്റെ ഭാഗമായാണ് ആതുരസേവന രംഗത്തെ മാലാഖമാരെ നേരില്‍ കാണാന്‍ പ്രിയ നടനെത്തിയത്.