ദുബൈ: യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്ക് 118 യാത്രക്കാരുമായി പറന്ന വിമാനം കേരളത്തില്‍ അടിയന്തരമായി ഇറക്കിയെന്ന വാര്‍ത്ത നിഷേധിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ്. ചൊവ്വാഴ്ച്ച രാവിലെ ദുബയില്‍ നിന്ന് മംഗലാപുരത്തേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം കൊച്ചിയില്‍ എമര്‍ജന്‍സി ലാന്റിങ് നടത്തിയതായി ചില ഇന്ത്യന്‍, യുഎഇ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തിരുന്നു.
എന്നാല്‍, അടിയന്തര ലാന്റിങായിരുന്നില്ലെന്നും കാലാവസ്ഥ മോശമായത് കാരണം സാധാരണ രീതിയില്‍ വഴിതിരിച്ചുവിട്ടതാണെന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസ് വക്താവ് അറിയിച്ചു.
എര്‍ജന്‍സി ലാന്റിങ് എന്ന് പറഞ്ഞാല്‍ അടിയന്തര ഘട്ടത്തില്‍ തൊട്ടടുത്ത വിമാനത്താവളത്തില്‍ ഇറക്കുന്നതാണ്. എന്നാല്‍, കാലാവസ്ഥ പരിഗണിച്ച് മുന്‍കൂട്ടി തീരുമാനിച്ചത് അനുസരിച്ച് വഴിതിരിച്ചുവിട്ടതിനെ ചില മാധ്യമങ്ങള്‍ എമര്‍ജന്‍സി ലാന്റിങ് എന്ന് വിളിച്ചത് എന്ത് കൊണ്ടാണെന്ന് അറിയില്ലെന്നും വക്താവ് വിശദീകരിച്ചു.
വിമാനത്തിലെ യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണ്. അവര്‍ അതേ വിമാനത്തില്‍ തന്നെ മംഗലാപുരത്തേക്ക് പുറപ്പെട്ടതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ALSO WATCH