414 ട്രാഫിക് നിയമലംഘനങ്ങള്‍; പിഴ അടക്കാനുള്ളത് 2,47,000 ദിര്‍ഹം: യുവതിയെ അജ്മാന്‍ പോലിസ് അറസ്റ്റ് ചെയ്തു

AJMAN ROAD

ദുബൈ: മൂന്ന് വര്‍ഷത്തിനിടെ 414 ട്രാഫിക് നിയമലംഘനങ്ങള്‍ നടത്തിയ യുവതിയെ അജ്മാന്‍ പോലിസ് അറ്‌സ്റ്റ് ചെയ്തു. 2,47,490 ദിര്‍ഹമാണ് ഇത്രയും നിയമലംഘനങ്ങളുടെ പേരില്‍ യുവതി പിഴ അടക്കാനുള്ളത്. ഇതില്‍ ഭൂരിഭാഗവും അമിത വേഗതയ്ക്കുള്ളതാണ്. റോഡിലുള്ള റഡാറുകളാണ് നിയമലംഘനം കണ്ടെത്തിയത്.

ആഴ്ച്ചയില്‍ ശരാശരി നാല് നിയമലംഘനങ്ങള്‍ എന്ന തോതിലാണ് യുവതിയുടെ പേരിലുള്ളതെന്ന് അജ്മാന്‍ പോലിസ് ട്രാഫിക് ഇന്‍വെസ്റ്റിഗേഷന്‍ ആന്റ് കണ്‍ട്രോള്‍ വിഭാഗം മേധാവി മേജര്‍ റാഷിദ് ഹാമിദ് ബിന്‍ ഹിന്ദി പറഞ്ഞു. 30 വയസിനോട് അടുത്ത് പ്രായമുള്ള അറബ് യുവതിയുടേതാണ് വാഹനം. നിയമലംഘനങ്ങള്‍ കുന്നുകൂടിയതിനെ തുടര്‍ന്ന് വാഹനം പിടിച്ചെടുത്തു. അശ്രദ്ധയും സ്പീഡ് ലിമിറ്റ് അവഗണിച്ചതുമാണ് നിയമലംഘനങ്ങള്‍ക്ക് കാരണം.

ആറ് മാസത്തിനകം പിഴ അടച്ചില്ലെങ്കില്‍ വാഹനം ലേലത്തില്‍ വില്‍ക്കും. പിന്നീട് പിഴ പൂര്‍ണമായും അടയ്ക്കുന്നത് വരെ ട്രാഫിക് സംബന്ധമായ ഇടപാടുകളൊന്നും നടത്താന്‍ യുവതിക്ക് സാധിക്കില്ല. റോഡ് അപകടങ്ങള്‍ക്കുള്ള പ്രധാന കാരണങ്ങളിലൊന്ന് അമിതവേഗത ആണെന്ന് മേജര്‍ ബിന്‍ ഹിന്ദി പറഞ്ഞു.

അമിത വേഗതയ്ക്കുള്ള പിഴ
യുഎഇയില്‍ വേഗതാ പരിധി മണിക്കൂറില്‍ 80 കിലോമീറ്ററില്‍ കൂടിയാല്‍ 3,000 ദിര്‍ഹം ആണ് പിഴ. 23 ട്രാഫിക് പോയിന്റും കിട്ടും. വാഹനം 60 ദിവസത്തേക്ക് കണ്ടുകെട്ടും. മണിക്കൂറില്‍ 60 കിലോമീറ്റര്‍ പരിധി ലംഘിച്ചാല്‍ 2,000 ദിര്‍ഹം പിഴയും 12 ട്രാഫിക് പോയിന്റുമാണ് ശിക്ഷ. 30 ദിവസത്തേക്കാണ് വാഹനം പിടിച്ചുവയ്ക്കുക.
ALSO WATCH