ആകാശത്ത് വിവാഹം നടത്താം; എമിറേറ്റ്‌സിന്റെ ഓഫര്‍ ഏപ്രില്‍ ഫൂളോ?

UAE airlines pranking

ദുബൈ: ഏപ്രില്‍ ഫൂള്‍ ദിനത്തലേന്ന് യുഎഇ വിമാന കമ്പനികള്‍ പ്രഖ്യാപിച്ച ഓഫറുകള്‍ ഒറിജിനലാണോ തമാശയാണോ എന്ന ആശയക്കുഴപ്പത്തില്‍ ആളുകള്‍. യുഎഇ ദേശീയ വിമാന കമ്പനിയായ എമിറേറ്റ്‌സ് ആണ് ബുധനാഴ്ച്ച വൈകീട്ട് രസകരമായ ഒരു ഓഫറുമായി ട്വിറ്ററില്‍ എത്തിയത്. ആകാശത്ത് വച്ച് മിന്നുകെട്ടാന്‍ അവസരമൊരുക്കുമെന്നായിരുന്നു ഓഫര്‍.

മഹാമാരി കാലത്തെ പുതിയ ഓഫര്‍. വാഹനത്തിലും സൂമിലും മിന്നുകെട്ടുന്ന സംഭവങ്ങള്‍ കേട്ടിട്ടുണ്ട്. ആകാശത്ത് 40,000 അടി ഉയരത്തില്‍ താലികെട്ടുന്നതിനെ കുറിച്ച് എന്ത് പറയുന്നു? – ഇതായിരുന്നു എമിറേറ്റ്‌സ് എയര്‍ലൈന്‍സിന്റെ ട്വീറ്റ്.


പ്രണയത്തെ ഞങ്ങള്‍ പുതിയ ഉയരങ്ങളിലെത്തിക്കുന്നു. എയര്‍ബസ് എ380ല്‍ നിങ്ങളുടെ വിവാഹ ദിനം പ്ലാന്‍ ചെയ്യൂ. ഇപ്പോള്‍ തിരഞ്ഞെടുക്കപ്പെട്ട റൂട്ടുകളില്‍ ലഭ്യം- ട്വീറ്റ് കൂട്ടിച്ചേര്‍ത്തു.

എന്നാല്‍, കൂടെയുള്ള ഫോട്ടോ ചൂണ്ടിക്കാട്ടിയാണ് ഇത് ഏപ്രില്‍ ഫൂളാണെന്ന് ഉപയോക്താക്കള്‍ അഭിപ്രായപ്പെട്ടത്. ജസ്റ്റ് മാരീഡ് എന്നെഴുതിയ ബാനറിലെ തിയ്യതി 01-04-21 ആണ്.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി എമിറേറ്റ്‌സ് ഈ രീതിയില്‍ ഏപ്രില്‍ ഫൂള്‍ ദിനത്തില്‍ തമാശകള്‍ ഒപ്പിക്കാറുണ്ട്. സ്വിമ്മിങ് പൂള്‍, ജിം റൂം, പാര്‍ക്ക് ഉള്‍പ്പെടെയുള്ള ട്രിപ്പിള്‍ ഡക്കര്‍ വിമാനമായിരുന്നു 2017ലെ ഓഫര്‍. മേല്‍ക്കൂര ഉള്‍പ്പെടെ മുഴുവന്‍ ഭാഗവും സൂതാര്യമായ വസ്തു കൊണ്ട് നിര്‍മിച്ച വിമാനം ഓഫര്‍ ചെയ്താണ് 2018ല്‍ ജനങ്ങളെ പറ്റിച്ചത്. വിമാനത്തില്‍ ഇരുന്നാല്‍ പുറംലോകം മുഴുവന്‍ കാണാമെന്നായിരുന്നു ഓഫര്‍.

എമിറേറ്റ്‌സിന് പിന്നാലെ അബൂദബയിലെ ഇത്തിഹാദ് വിമാന കമ്പനിയായും ഇന്ന് ഓഫറുമായി എത്തി. വിമാനത്തിന്റെ വിന്‍ഡോ സീറ്റുകളില്‍ പ്രത്യേക കാഴ്ച്ച സമ്മാനിക്കുന്ന ഫില്‍ട്ടറുകള്‍ ഉണ്ടാവുമെന്നാണ് കമ്പനി പറയുന്നത്.


എല്ലാ വിന്‍ഡോ സീറ്റുകളില്‍ ഇനി മുതല്‍ പ്രത്യേക ബട്ടന്‍ ഉപയോഗിച്ച് നിയന്ത്രിക്കാവുന്ന ഫില്‍ട്ടറുകള്‍ ഉണ്ടാവും. ക്രോമ സെന്‍സോ ടെക്‌നോളജി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഈ ഫില്‍ട്ടറുകള്‍ രാത്രിയിലെയും പകലിലെയും പ്രകാശത്തിന് അനുസരിച്ച് പ്രവര്‍ത്തിക്കും. വിന്‍ഡോയിലൂടെ മനോഹരമായ പുറം കാഴ്ച്ച സമ്മാനിക്കുന്നതായിരിക്കും ഫില്‍ട്ടര്‍- ഇത്തിഹാദ് ട്വിറ്റര്‍ പോസ്റ്റില്‍ പറയുന്നു.