പിതാവും മാതാവും കോവിഡ് ബാധിച്ചു മരിച്ചു; സഹോദരിക്ക് രോഗബാധ; ഷാര്‍ജയില്‍ മലയാളി ആത്മഹത്യ ചെയ്തു

sharjah malayali suicide

ദുബൈ: കുടുംബത്തിലെ കോവിഡ് ദുരന്തം താങ്ങാനാവാതെ ഷാര്‍ജയില്‍ മലയാളി യുവാവ് ആത്മഹത്യ ചെയ്തു. 28 വയസ്സുള്ള അജയകുമാര്‍ ആണ് മരിച്ചത്. ഷാര്‍ജയിലെ ഒരു സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലി ചെയ്യുകയായിരുന്ന ഈ യുവാവ് ആരുമില്ലാത്ത സമയം നോക്കി താമസ സ്ഥലത്ത് തൂങ്ങി മരിക്കുകയായിരുന്നു. യുഎഇയിലെ സാമൂഹിക പ്രവര്‍ത്തകനായ അഷ്‌റഫ് താമരശ്ശേരിയാണ് ഫേസ്ബുക്കില്‍ ഇക്കാര്യം പങ്കുവച്ചത്.

തന്റെ പ്രിയപ്പെട്ട മാതാവും പിതാവും കൊറോണ ബാധിച്ച് നാട്ടില്‍ മരിക്കുകയും ഏക സഹോദരി കോവിഡ് ബാധിതയാവുകയും ചെയ്ത വിവരമറിഞ്ഞ അജയകുമാര്‍ ഏറെ അസ്വസ്ഥനായിരുന്നു. ഈ ദുഃഖം സഹിക്കാന്‍ കഴിയാത്ത അവസ്ഥയാണ് ഇദ്ദേഹത്തെ ആത്മഹത്യയിലേക്ക് നയിച്ചത്.

ജീവിതത്തില്‍ പല തരത്തിലുള്ള പ്രതിസന്ധികളെയും നാം നേരിടേണ്ടി വരുമെന്നും അത്തരം സന്ദര്‍ഭങ്ങളെ ക്ഷമയോടെ നേരിടാന്‍ കഴിയണമെന്നും അഷ്‌റഫ് താമരശ്ശേരി കുറിച്ചു. എല്ലാവര്‍ക്കും ഒരുപക്ഷേ അതിനു കഴിഞ്ഞുകൊള്ളണമെന്നില്ല. ഒറ്റപ്പെടലാണ് പലരെയും ജീവിത നൈരാശ്യത്തിലേക്ക് തള്ളിവിടുന്നത്. നമുക്ക് ചുറ്റുമുള്ള ലോകത്ത് നമ്മുടെ ഇഷ്ടങ്ങള്‍ക്കനുസരിച്ചുള്ള കൂട്ടുകാരെയും വിനോദങ്ങളേയും കണ്ടെത്താന്‍ കഴിഞ്ഞാല്‍ ഒരു പരിധി വരെ പല പ്രതിസന്ധികളെയും നമുക്ക് തരണം ചെയ്യാന്‍ കഴിയുമെന്നും അദ്ദേഹം കുറിപ്പില്‍ വ്യക്തമാക്കി.
ALSO WATCH