ദുബൈ: യുഎഇയില്‍ വിപിഎന്‍ ഉപയോഗിച്ച് വീഡിയോകോളും വോയിസ് കോളും ചെയ്യുന്നവര്‍ സൂക്ഷിക്കുക. നിരോധിത ആപ്പ് വഴിയാണ് നിങ്ങള്‍ കമ്യൂണിക്കേഷന്‍ നടത്തുന്നതെങ്കില്‍ വന്‍തുക പിഴയും തടവും ലഭിച്ചേക്കാം. യുഎഇ നിയമപ്രകാരം വിപിഎന്‍ ദുരുപയോഗം ഒരു വര്‍ഷം വരെ തടവും 20 ലക്ഷം ദിര്‍ഹം വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ്. കുറ്റത്തിന്റെ തീവ്രത അനുസരിച്ച് പ്രതികളെ നാട് കടത്തുകയും ചെയ്യും.
വിപിഎന്‍ ഏത് കാര്യത്തിന് ഉപയോഗിക്കുന്നു എന്നത് അനുസരിച്ചാണ് ശിക്ഷ ലഭിക്കുകയെന്ന് നിയമവിദഗ്ധയായ റാലുക ഗാറ്റിനയെ ഉദ്ധരിച്ച് ഗള്‍ഫ് ടൈംസ് റിപോര്‍ട്ട് ചെയ്തു.
നിരോധിച്ചവ ആക്സസ് ചെയ്യാന്‍
യുഎഇ സര്‍ക്കാര്‍ നിരോധിച്ച കമ്യൂണിക്കേഷന്‍ സേവനങ്ങള്‍, ഓഡിയോ വീഡിയോ ബ്രോഡ്കാസ്റ്റിങ് ചാനലുകള്‍ എന്നിവ ഐപി അഡ്രസ് ഹൈഡ് ചെയ്ത് ലഭ്യമാക്കുന്നതിനാണ് വിപിഎന്‍ ഉപയോഗിക്കുന്നതെങ്കില്‍ അത് സൈബര്‍ കുറ്റകൃത്യത്തില്‍ പെടും. അതിന് 2.5 ലക്ഷം ദിര്‍ഹം മുതല്‍ 10 ലക്ഷം ദിര്‍ഹം വരെ പിഴയും ചുരുങ്ങിയത് ഒരു വര്‍ഷം തടവുമാണ് ശിക്ഷ. ഉപയോഗിക്കുന്നവര്‍ക്കും അതിന് സൗകര്യമൊരുക്കുന്നവര്‍ക്കും ശിക്ഷ ലഭിക്കും
കുറ്റകൃത്യം മറച്ചുപിടിക്കാന്‍
ഒരു കുറ്റകൃത്യം ചെയ്യുമ്പോള്‍ പിടിക്കപ്പെടാതിരിക്കാന്‍ വിപിഎന്‍ ഉപയോഗിക്കുന്നതാണ് മറ്റൊരു ദുരുപയോഗം. താല്‍ക്കാലിക തടവും 5 ലക്ഷം ദിര്‍ഹം മുതല്‍ 20 ലക്ഷം ദിര്‍ഹം വരെ പിഴയുമാണ് ഇതിനുള്ള ശിക്ഷയെന്ന് ഗാറ്റിന പറഞ്ഞു.
നിയമപരമായി എങ്ങിനെ വിപിഎന്‍ ഉപയോഗിക്കാം
യുഎഇ ടെലികമ്യൂണിക്കേഷന്‍സ് ആന്റ് ഡിജിറ്റല്‍ റെഗുലേറ്ററി അതോറിറ്റിയുടെ(ടിഡിആര്‍എ) മാര്‍ഗനിര്‍ദേശപ്രകാരം വിപിഎന്‍ ഉപയോഗിക്കാവുന്നതാണ്. സ്ഥാപനങ്ങള്‍, കമ്പനികള്‍, ബാങ്കുകള്‍ എന്നിവയ്ക്ക് അവരുടെ ആഭ്യന്തര ആവശ്യങ്ങള്‍ക്ക് വിപിഎന്‍ ഉപയോഗിക്കാം.
ഇന്റര്‍നെറ്റ് കോളിങിന്(വിഒഐപി) വിപിഎന്‍ ഉപയോഗിക്കാമോ?
സര്‍ക്കാര്‍ അംഗീകൃത പ്ലാറ്റ്ഫോം വഴിയാണ് കോള്‍ ചെയ്യുന്നതെങ്കില്‍ ഇന്റര്‍നെറ്റ് കോള്‍ വിപിഎന്‍ ദുരുപയോഗത്തില്പ്പെടില്ല. എന്നാല്‍, അംഗീകൃതമല്ലാത്ത വിഒഐപി കോളിങ് സംവിധാനങ്ങള്‍ ഉപയോഗിക്കുന്നത് സൈബര്‍നിയമ പ്രകാരം കുറ്റകരമാണ്.
മഹാമാരിക്കാലത്തെ ഉപയോഗത്തിന് യുഎഇ നിരവധി വിഒഐപി ആപ്പുകള്‍ക്ക് അംഗീകാരം നല്‍കിയിട്ടുണ്ട്. അവ താഴെ പറയുന്നവയാണ്.
റിമോട്ട് വര്‍ക്കിങ് ആന്റ് ഇ-ലേണിങ് ആപ്പുകള്‍
1. മൈക്രോസോഫ്റ്റ് ടീംസ്
2. സ്കൈപ്പ് ഫോര്‍ ബിസിനസ്
3. സൂം
4. ബ്ലാക്ക്ബോര്‍ഡ്
5. ഗൂഗിള്‍ ഹാങൗട്ട് മീറ്റ്
6. സിസ്കോ വെബെക്സ്
7. അവായ സ്പേസസ്
8. ബ്ലൂ ജീന്‍സ്
9. സ്ലാക്ക്
ടെലി-ഹെല്‍ത്ത് ആപ്പുകള്‍
1. മൈന്‍ഡ് മിന ടെലിമെഡിസിന്‍
2. നെക്സ്റ്റ്ജെന്ജിപി ടെലിഹെല്‍ത്ത്
3. വിസീ
4. ഒകെഡോക്
5. ഡോക്സി
6. ഗെറ്റ്ബീ
അനുമതിയുള്ള ആപ്പുകള്‍ ടിഡിആര്‍എ ഇടയ്ക്കിടെ പുനപ്പരിശോധന നടത്താറുണ്ട്. അതുകൊണ്ട് തന്നെ വോയിസ് കോളിങ് ആപ്പുകള്‍ ഉപയോഗിക്കും മുമ്പ് അതിന് ടിഡിആര്‍എ അംഗീകാരമുണ്ടോ എന്ന് പരിശോധിക്കുന്നത് നന്നായിരിക്കുമെന്ന് ഗാറ്റിന പറഞ്ഞു.
ALSO WATCH