Monday, October 25, 2021
HomeNewsfeedബിഗ് ടിക്കറ്റില്‍ വീണ്ടും മലയാളി ഭാഗ്യം; കാസര്‍കോഡ് സ്വദേശിക്ക് 23 കോടി

ബിഗ് ടിക്കറ്റില്‍ വീണ്ടും മലയാളി ഭാഗ്യം; കാസര്‍കോഡ് സ്വദേശിക്ക് 23 കോടി

അബൂദബി: അബൂദബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ വീണ്ടും മലയാളികളെ തേടി ഭാഗ്യമെത്തി. കാസര്‍കോട് സ്വദേശിക്കും നാല് സുഹൃത്തുക്കള്‍ക്കും 23 കോടിയിലേറെ രൂപയാണ് (12 ദശലക്ഷം ദിര്‍ഹം) സമ്മാനമായി ലഭിച്ചത്. റാസല്‍ഖൈമയില്‍ താമസിക്കുന്ന കാസര്‍കോട് ഉപ്പള ബൈദല സ്വദേശി താഹിര്‍ മുഹമ്മദാണ് ഒന്നാം സമ്മാനത്തിനര്‍ഹനായത്. ഇതോടൊപ്പം നടന്ന, ബിഗ് ടിക്കറ്റിലെ ഇതുവരെയുള്ളതില്‍ ഏറ്റവും വലിയ രണ്ടാം സമ്മാനമായ 10 ലക്ഷം ദിര്‍ഹം അടക്കം നാല് നറുക്കെടുപ്പുകളിലും വിജയികളായത് ഇന്ത്യക്കാരാണ്.

കഴിഞ്ഞ മാസം 30ന് എടുത്ത 027700 എന്ന ടിക്കറ്റാണ് താഹിറിനെയും സഹപ്രവര്‍ത്തകരെയും കോടീശ്വരന്മാരാക്കിയത്. മാതാവിനോടും ഭാര്യ, രണ്ട് മക്കള്‍ എന്നിവരോടുമൊപ്പം വര്‍ഷങ്ങളായി റാസല്‍ഖൈമയിലാണ് താഹിര്‍ താമസിക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷമായി താഹിറും കൂട്ടുകാരും ലോട്ടറി എടുക്കാറുണ്ട്.

ഇന്നലെ നടന്ന നറുക്കെടുപ്പ് തത്സമയം കണ്ടിരുന്നില്ല. ഒരു കൂട്ടുകാരനാണ് വിവരം താഹിറിനെ വിളിച്ച് അറിയിച്ചത്. സമ്മാനത്തുക അഞ്ച് പേര്‍ തുല്യമായി പങ്കിടുമെന്നും എന്നാല്‍ തനിക്ക് ലഭിക്കുന്ന പണം എന്തു ചെയ്യണമെന്ന് തീരുമാനിച്ചിട്ടില്ലെന്നും ഈ യുവാവ് പറഞ്ഞു.

രണ്ടാം സമ്മാനമായ 10 ദശലക്ഷം ദിര്‍ഹം നൈന മുഹമ്മദ് റഫീഖിനാണ്. ഒരു ലക്ഷം ദിര്‍ഹം സമ്മാനത്തുകയുള്ള മൂന്നാം സമ്മാനം പി വി സജിത് കുമാറും നാലാം സമ്മാനം (80,000 ദിര്‍ഹം) ഹാരെന്‍ ജോഷിയും ആറാം സമ്മാനം (40,000) ഹഫ്‌സല്‍ പരളത്തും നേടി.
ALSO WATCH

Most Popular