ദു​ബൈ-​ഷാ​ര്‍​ജ റൂ​ട്ടി​ല്‍ ബ​സ് സ​ര്‍​വി​സു​ക​ള്‍​ പു​ന​രാ​രം​ഭി​ക്കു​ന്നു

dubai- sharjah

ദുബൈ: ദുബൈ റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍.ടി.എ), ഷാര്‍ജയുടെ റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയുമായി ഏകോപിപ്പിച്ച് ദുബൈക്കും ഷാര്‍ജക്കുമിടയില്‍ രണ്ടു ബസ് സര്‍വിസ് പുനരാരംഭിക്കുന്നു. ഞായറാഴ്ച മുതല്‍ എമിറേറ്റുകള്‍ക്കിടയില്‍ ഇ 306, ഇ307 റൂട്ടുകളിലായി രണ്ടു ഇന്റര്‍സിറ്റി ബസുകള്‍ ഓടിത്തുടങ്ങുമെന്ന് ആര്‍.ടി.എ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഇതിനായി ഞായറാഴ്ച മുതല്‍ ആര്‍.ടി.എ മറ്റ് രണ്ട് ഇന്റര്‍സിറ്റി ബസുകള്‍ സര്‍വിസുകളുടെ റൂട്ട് മാറ്റുന്നുണ്ട്.

ഇ 306 റൂട്ടിലെ ബസുകള്‍ ദുബൈ അല്‍ ഗുബൈബ ബസ് ഡിപ്പോയില്‍ നിന്ന് യാത്ര തുടങ്ങി അല്‍ മംസാര്‍ വഴി ഷാര്‍ജയിലെ അല്‍ ജുബൈല്‍ ബസ് സ്‌റ്റേഷനിലേക്ക് സര്‍വിസ് നടത്തും. ഈ റൂട്ടിലേക്കായി ആറ് ഡബ്ള്‍ ഡെക്ക് ബസുകളാണ് സജ്ജമാക്കിയിട്ടുള്ളത്. ദുബൈ ദേര സിറ്റി സെന്റര്‍ ബസ് സ്‌റ്റേഷനില്‍ നിന്ന് അല്‍ ഇത്തിഹാദ് റോഡ് വഴി ഷാര്‍ജയിലെ അല്‍ ജുബൈല്‍ ബസ് സ്‌റ്റേഷനിലേക്കുള്ള ബസ് സര്‍വിസ് ഇ-307 റൂട്ടിലൂടെ കടന്നുപോകും. 20 മിനിറ്റായിരിക്കും ആകെ യാത്രാദൈര്‍ഘ്യം. ഇതിനായി ആറ് ഡബ്ള്‍ ഡെക്ക് ബസുകള്‍ വിന്യസിച്ചിട്ടുണ്ട്.

ഈ റൂട്ടില്‍ പ്രതിദിനം 1,500 യാത്രക്കാര്‍ക്ക് സേവനം ലഭിക്കുമെന്നാണ് കരുതുന്നത്. ഇ 307 എ, ഇ 400 റൂട്ടുകളിലെ ബസുകള്‍ അല്‍ ഇത്തിഹാദ് റോഡിന് പകരം അല്‍ മംസാര്‍ വഴി സര്‍വിസ് ആരംഭിക്കും.