ദുബൈ: ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളം എന്ന പദവി വീണ്ടും ദുബൈക്ക്. ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തെ പിന്നിലാക്കിയാണ് ദുബൈ ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്. ഏവിയേഷന്‍ കണ്‍സള്‍ട്ടന്‍സിയായ ഒഎജിയുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്.
35,42,886 സീറ്റുകളുമായി ദുബൈ ഒന്നാം സ്ഥാനത്തെത്തിയപ്പോള്‍ 25,06,259 സീറ്റുകളുമായി ലണ്ടന്‍ രണ്ടാമതെത്തി. ആംസ്റ്റര്‍ഡാം, പാരീസ് ചാള്‍സ് ഡി എയര്‍പോര്‍ട്ട്, ഇസ്താംബൂള്‍, ഫ്രാങ്ക്ഫര്‍ട്ട്, ദോഹ, മഡ്രിഡ്, ന്യൂയോര്‍ക്ക്, മിയാമി എന്നിവയാണ് ആദ്യ പത്തില്‍ ഇടം പിടിച്ച മറ്റ് വിമാനത്താവളങ്ങള്‍. ഏഴാം സ്ഥാനത്തായിരുന്ന ആംസ്റ്റര്‍ഡാം മൂന്നാമതെത്തിയതാണ് പ്രധാന നേട്ടം.
അതേസമയം, 36ാമതുള്ള മിയാമി പത്താം സ്ഥാനത്തേക്ക് കുതിച്ചെത്തി. കോവിഡ് എത്തിയ ശേഷം വീണ്ടും പൂര്‍ണ ശേഷിയില്‍ പ്രവര്‍ത്തനം നടത്തുന്ന ദുബൈ വിമാനത്താവളത്തിന്റെ ടെര്‍മിനല്‍ മൂന്നില്‍ മാത്രം ഈ മാസം 16 ലക്ഷം യാത്രക്കാര്‍ എത്തുമെന്നാണ് പ്രതീക്ഷ.