ദുബൈ: അജ്മാനിലെ കുറഞ്ഞ വരുമാനക്കാരായ കുടുംബങ്ങള്‍ക്ക് സൗജന്യമായി പെട്രോള്‍ നല്‍കുന്നതിന് പദ്ധതി. അല്‍ ഇഹ്സാന്‍ ചാരിറ്റി അസോസിയേഷനും കാഫുവും(CAFU) സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. ആവശ്യക്കാര്‍ക്ക് അവരുടെ സ്ഥലത്ത് ഇന്ധനവും കാര്‍ സര്‍വീസും എത്തിച്ചു കൊടുക്കുന്ന കമ്പനിയാണ് കാഫു.
കഴിഞ്ഞ രണ്ട് ദിവസങ്ങള്‍ക്കിടെ എട്ട് ഇന്ധന ട്രക്കുകളിലായി 100 വീടുകളിലാണ് അല്‍ ഇഹ്സാന്‍ വൊളന്റിയര്‍മാര്‍ ഇന്ധനം എത്തിച്ചത്. അത്യാവശ്യക്കാരായ കുടുംബങ്ങളെയും വ്യക്തികളെയും സഹായിക്കാന്‍ അല്‍ ഇഹ്സാന്‍ ചാരിറ്റിയുമായി കൈകോര്‍ക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് കാഫു സിഇഒ റാഷിദ് അബ്ദുല്ല അഹ്മദ് അല്‍ഗുറൈര്‍ പറഞ്ഞു.
യുഎഇയുടെ മറ്റ് ഭാഗങ്ങളിലും ഇത്തരം സേവനങ്ങള്‍ക്ക് പദ്ധതിയുള്ളതായി കാഫു അറിയിച്ചു. ദുബൈ ഹെല്‍ത്ത് അതോറിറ്റിയുമായി കൈകോര്‍ത്ത് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സൗജന്യമായി ഇന്ധനം ലഭ്യമാക്കും. പ്രാദേശിക സംഘടനളോടൊപ്പം ചേര്‍ന്ന് ബ്ലൂകോളര്‍ തൊഴിലാളികള്‍ക്കും കുറഞ്ഞ വരുമാനക്കാര്‍ക്കും ഇത്തരത്തില്‍ ഇന്ധനം നല്‍കുമെന്നും കാഫു അറിയിച്ചു.